കോട്ടയം: ദുരൂഹമരണങ്ങൾക്ക് മുമ്പും പുതുജീവനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ജനാലയിലൂടെ പുറത്തേക്ക് വീണ ഗുളിക നാവിൽ നുണഞ്ഞ ഒന്നരവയസുകാരൻ രണ്ടു ദിവസം ബോധരഹിതനായി കിടന്ന കഥയാണ് വിവാദ ലഹരി വിമുക്ത കേന്ദ്രത്തിന്റെ സമീപത്ത് താമസിക്കുന്നവർക്ക് ഓർത്തെടുക്കാനുള്ളത്. പുതുജീവൻ ആശുപത്രിയുടെ പിന്നിലായാണ് മുണ്ടുകോട്ടയിൽ നിഷയും കുടുംബവും താമസിച്ചിരുന്നത്.
ഒന്നരവർഷം മുമ്പ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മുറ്റത്തേക്ക് തെറിച്ചുവീണ ഗുളിക നിമിഷയുടെ ഒന്നരവയസുകാരനായ മകൻ നാവിൽ നുണഞ്ഞു.ബോധരഹിതനായ കുട്ടി രണ്ടു ദിവസമാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ കഴിഞ്ഞത്.
സംഭവം വിവാദമാകുകയും നാട്ടുകാർ പരാതിയുമായി എത്തുകയും ചെയ്‌തതോടെ റിട്ട. ഹെഡ്കോൺസ്റ്റബിൾ വി.സി.ജോസഫ് ചികിത്സ ചിലവ് ഏറ്റെടുത്തു. വീടിന്റെ മുറ്റത്തേക്ക് തുറന്നിരുന്ന സ്ഥാപനത്തിന്റെ ജനൽ പൂർണമായും കെട്ടിയടച്ചു. മതിൽ ഉയർത്തിക്കെട്ടി ഇവിടെനിന്ന് പുറത്തേക്കു തള്ളുന്ന മാലിന്യം ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
മൂന്ന് അന്തേവാസികളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിലെ ലഹരിവിമോചന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ക്ഷീണവും കാലിൽ നീരുമായി ഇവിടെനിന്ന് ആശുപത്രികളിലേക്ക് മാറ്റിയവരാണ് മരിച്ചത്. ആറു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മന്ത്രി കെ.കെ.ശൈലജ റിപ്പോർട്ട് തേടിയിട്ടുണ്ട്. തൃക്കൊടിത്താനം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സ്വയം വിരമിച്ച വി.സി.ജോസഫ് നടത്തുന്ന കേന്ദ്രത്തിൽ മാനസിക രോഗികളടക്കം 72 അന്തേവാസികളാണുള്ളത്. ഇവരെ ചികിത്സിക്കാൻ 3 ഡോക്ടർമാരും പരിചരിക്കാൻ 39 ജീവനക്കാരുമുണ്ട്. കഴിഞ്ഞ ആഴ്ചമുതലാണ് രണ്ട് വനിതകളടക്കം 10 അന്തേവാസികൾക്ക് തളർച്ചയും കാലിലും ഇടുപ്പിലും നീരും അനുഭവപ്പെട്ടത്.