
കൊൽക്കത്ത:പൗരത്വ നിയമ ഭേദഗതിക്ക് ജനപിന്തുണ വർദ്ധിപ്പിക്കാനായി കൊൽക്കത്ത നഗരത്തിലെ ഷഹീദ്
മിനാർ ഗ്രൗണ്ടിൽ നടത്തിയ പ്രചാരണ പരിപാടിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ രംഗത്ത്.'മമതാ ദീദി എല്ലാ ഗ്രാമങ്ങളിലും പോയി, 'ദീദിയോടു പറയൂ' എന്ന് ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും എന്നാൽ എന്താണ് മറുപടി പറയേണ്ടതെന്നോർത്ത് ജനങ്ങൾ അമ്പരന്നിക്കുകയാണെന്നും ഷാ പറഞ്ഞു. നിങ്ങൾ ഇനിയും നിശബ്ദരായി ഇരിക്കരുത്.ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങൾ ദീദിയോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.ബാലാകോട്ട് വ്യോമാക്രമണത്തിനും സർജിക്കൽ സ്ട്രൈക്കിനും ശേഷം ഇന്ത്യയുടെ സൈനികശേഷി യു.എസിനും ഇസ്രയേലിനും ഒപ്പമെത്തി. ലോകത്തെ ഏറ്റവും മികച്ച സൈനിക വിഭാഗമായി എൻ.എസ്.ജിയെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സംസ്ഥാന ഘടകം നേതാക്കളും തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.രാജർഹട്ടിൽ എൻ.എസ്.ജിക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ഷാ ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രവും സന്ദർശിച്ചു.
ഗോലി മാരോ മുദ്രാവാക്യം വീണ്ടും
അമിത് ഷായുടെ റാലി നടന്ന ഷാഹിദ് മിനാർ മൈതാനത്തേയ്ക്ക് പോയ ആളുകൾ ഗോലി മാരോ (വെടിവെയ്ക്കു,) എന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഇവർ ബി.ജെ.പി പതാക കയ്യിലേന്തിയിരുന്നു.
ഷായ്ക്കെതിരെ പ്രതിഷേധം
വിമാനത്താവളത്തിനു പുറത്തും നഗരത്തിലെ മറ്റു കേന്ദ്രങ്ങളിലും പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥികളും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി അമിത് ഷായ്ക്കെതിരെ വൻപ്രതിഷേധമാണ് നടത്തിയത്. മോദി ഗോ ബാക്ക് എന്ന പ്ലക്കാർഡുകളുമായി വിദ്യാർത്ഥികളും അണിനിരന്നു.