സൂപ്പർതാരം മോഹൻലാലിന്റെ വാഹനപ്രേമം ആരാധകർക്ക് പുതുമയുള്ള കാര്യമല്ല. അത്യാഡംബര വാഹനങ്ങളുടെ ഒരു നീണ്ടനിര തന്നെ അദ്ദഹത്തിനുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ടൊയോട്ടയുടെ പുത്തൻ ആഡംബരവാഹനമായ വെൽഫയറാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വെൽഫയർ സ്വന്തമാക്കുന്ന ആദ്യയാൾ എന്ന നേട്ടം ഇതോടെ മോഹൻലാലിനെ തേടി എത്തിക്കഴിഞ്ഞു.
ലാലിന്റെ മനം കവർന്ന വെൽഫയർ
ടൊയോട്ട ആരാധരുടെ ഏറെ നാളായുള്ള കാത്തിരിപ്പാണ് വെൽഫയറിന്റെ അവതാരത്തോടുകൂടി സാർത്ഥകമായിരിക്കുന്നത്. ലാൻഡ് ക്രൂസർ, കാമ്‌റി, ലെക്‌സസ് എന്നീ പ്രീമിയം ലക്ഷ്വറികാർ ശ്രേണികളുടെ കൂട്ടത്തിൽ ടൊയോട്ടയ്‌ക്ക് അഭിമാനപൂർവം മുന്നോട്ടു വയ്‌ക്കാൻ കഴിയുന്ന ചോയിസ് തന്നെയാണ് വെൽഫയർ. വിമാനത്തിനോട് സാമ്യം തോന്നുന്നതാണ് വെൽഫയറിന്റെ ഇന്റീരിയർ എന്നതാണ് ടൊയോട്ടയുടെ ഈ പുത്തൻ അവതാരത്തിന്റെ എടുത്തുപറയേണ്ട ഒരു പ്രത്യേകത. യഥേഷ്‌ടം ക്രമീകരിക്കാൻ കഴിയുന്ന തരത്തിലാണ് സീറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഫ്ളോട്ടിംഗ് സസ്‌പെൻഷൻ ഉള്ളതുകൊണ്ടു തന്നെ കേരളത്തിലെ റോഡുകളിൽ മാത്രം കാണുന്ന 'പ്രത്യേകത' വെൽഫയർ ആശാനെ ബാധിക്കുകയേയില്ല.
രണ്ട് വശത്തായി ബിൽറ്റ് ചെയ്‌തിട്ടുള്ള പനോരമിക് വ്യൂ ഉപഭോക്താവിന് സമ്മാനിക്കുക രാത്രികാലങ്ങളിലെ യാത്രയുടെ ആനന്ദലബ്‌ധിയായിരിക്കും. കുടുംബവുമൊത്തുള്ള യാത്രയ്‌ക്ക് ഏറ്റവും അനുയോജ്യം എന്നുതന്നെ വിശേഷിപ്പിക്കാം വെൽഫയറിനെ. ഒരു മിനി കാരവൻ എന്ന പട്ടം തന്നെ ആരാധകർ ചാർത്തികൊടുത്തു കഴിഞ്ഞു ഈ യംഗ് സൂപ്പർ സറ്റാറിന്.
എൻജിന്റെ കാര്യം പറയുവാണെങ്കിൽ നാലാം തലമുറയിലെ ഹൈബ്രിഡ് ഇലക്‌ട്രിക് എൻജിനാണ് ടൊയോട്ട വെൽഫയറിന്റെ ഹൃദയം. ശബ്‌ദത്തിന്റെ ശല്യം അൽപം പോലും ഉണ്ടാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 360 ഡിഗ്രി സറൗണ്ടിംഗ് ക്യാമറ, മൂന്ന് സോൺ എസി, വയർലസ് ചാർജർ, മൾട്ടിഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിലെ സവിശേഷതകളാണ്.
സുരക്ഷയ്‌ക്ക് വേണ്ടി ഏഴ് എസ്.ആർ.എസ് എയർബാഗുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വെഹിക്കിൽ ഡൈനാമിക് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് സിസ്‌റ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മാണവും. 80 ലക്ഷം മുതലാണ് ടൊയോട്ട വെൽഫയറിന്റെ വില ആരംഭിക്കുന്നത്.