ഒരാൾക്കു രണ്ടു കാലുകളുണ്ടെങ്കിലും രണ്ടിടത്തേക്ക് ഒരേനേരം നടക്കാനാവുമോ? കഴിയില്ല. അതുപോലെ മൂക്കിനു രണ്ടു ദ്വാരങ്ങളുണ്ടെങ്കിലും ഒന്നിലൂടെ ശ്വാസം എടുക്കാനും മറ്റൊന്നിലൂടെ ശ്വാസം വിടാനും ഒരേനേരം കഴിയുമോ? അതിനുമാവില്ല. എന്തുകൊണ്ടാണു രണ്ടായി പിരിഞ്ഞിരുന്നിട്ടും രണ്ടു കാര്യങ്ങളെ വെവ്വേറെ നിർവഹിക്കാനാവാത്തവിധം ഇവയെ ഒന്നിനോടൊന്നു ചേർത്തുവെച്ചിരിക്കുന്നത്? ഒരുപക്ഷേ ഇത് വളരെ ബാലിശമായ ചോദ്യമായി തോന്നാം. എന്നാൽ ഇതേപ്പറ്റിയൊക്കെ ചിന്തയുണ്ടായാൽ അത് തത്ത്വവിജ്ഞാനങ്ങളിലേക്ക് കടന്നുചെല്ലാനുള്ള പുതിയ വഴികൾ തുറന്നുതരും.
ഈ പ്രപഞ്ചത്തിലെ ഏതൊരു സൃഷ്ടിക്കു പിന്നിലും നിയുക്തതയുടേതായ ഒരു നിശ്ചയമുണ്ടെന്നത് തർക്കമറ്റ കാര്യമാണ്. ഈ ജന്മത്തിൽ അല്ലെങ്കിൽ ഈ സൃഷ്ടികാലത്തിൽ യാതൊന്നാണോ നിർവഹിക്കപ്പെടേണ്ടതായിട്ടുള്ളത് അതിനെയാണ് ഇവിടെ നിയുക്തത എന്ന് പറഞ്ഞതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ പ്രകൃതിയിൽ ജാതമായി വരുന്നവയെല്ലാം അവയുടെ നിയുക്തതയിൽ നിന്നും വ്യതിചലിച്ചുപോകരുതെന്നതാണ് പ്രപഞ്ചനിശ്ചയം. ഈ നിയുക്തതയെക്കുറിച്ചു ബോധമുള്ളവൻ മനുഷ്യൻ മാത്രമാണ്.
ഒന്നിന് ഈ ജന്മത്തിൽ എന്താണോ ലോകത്ത് നിർവഹിക്കാനുള്ളത് അതാണ് അതിന്റെ ധർമ്മം. ഈ ധർമ്മത്തിൽ നിന്നും യാതൊന്നിനും അകന്നു പോകാനാവില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണു ഇവിടെ മുൻപ് സൂചിപ്പിച്ച കാലിന്റെയും മൂക്കിന്റെയും കാര്യങ്ങൾ. ഓരോ സൃഷ്ടികൾക്കും അതിന്റെയുള്ളിലെ സൃഷ്ടികൾക്കും (മനുഷ്യശരീരവും ആ ശരീരത്തിനുള്ളിലെ അവയവങ്ങളുമെന്നപോലെ) ഓരോരോ ധർമ്മങ്ങൾ അനുഷ്ഠിക്കാനുണ്ട്. ആ ധർമ്മാനുഷ്ഠാനത്തിന്റെ പാലനത്തിൽ നിന്നും വ്യതിചലിക്കാനാവാത്ത ഘടനയുള്ളതുകൊണ്ടാണ് നമ്മുടെ കാലുകൾ ഒരിടത്തേക്കുമാത്രം സഞ്ചരിക്കുന്നതും നാസാരന്ധ്രങ്ങൾ ഒന്നുപോലെ പ്രവർത്തിക്കുന്നതുമെന്ന് മനസിലാക്കണം. ശരീരത്തിലെ എല്ലാ കോശങ്ങളും എല്ലാ അംഗങ്ങളും ഓരോരോ ധർമ്മപരിപാലനത്തിൽ വ്യാപൃതരായിരിക്കുന്നത്, ശരീരത്തിനു അതിന്റെയാകെ ധർമ്മം പിഴവ് കൂടാതെ നിർവഹിക്കപ്പെടാൻ വേണ്ടിയാണ്. അപ്പോഴാണ് ശരീരം അതിന്റെ നിയാമകനായ ശരീരിക്കു വിധേയപ്പെട്ടതാകുന്നത്. അല്ലെങ്കിൽ ശരീരവും ശരീരിയും എപ്രകാരമാണോ പരസ്പരപൂരകമായി ഇരിക്കേണ്ടത് അപ്രകാരമായിരിക്കുന്നത്.
ഇങ്ങനെ നമ്മുടെ ധർമ്മം നേരാംവിധം തിരിച്ചറിയാനും അത് വേണ്ടും വിധം നിർവഹിക്കാനും പ്രഥമവും പ്രധാനവുമായി വേണ്ടത് ശ്രദ്ധയാണ്. ശ്രദ്ധ കൊണ്ടാണു നമ്മൾ നമ്മുടെ ജീവിതത്തിനു ആധാരമൊരുക്കേണ്ടത്. ആധാരമില്ലാത്ത ഭൂമിക്കു ഒരുവൻ എങ്ങനെയാണാ ഉടമയല്ലാതായിരിക്കുന്നത് അതുപോലെയാണു ശ്രദ്ധയില്ലായ്മകൊണ്ട് ഒരുവനു അവന്റെ ജീവിതം കൈവിട്ടുപോകുന്നതും. ചുരുക്കിപ്പറഞ്ഞാൽ ശ്രദ്ധയാണ് നമുക്ക് വേണ്ടതെല്ലാം തരുന്നതും ശ്രദ്ധയില്ലായ്മയാണു നമുക്കു വേണ്ടതിനെയെല്ലാം നഷ്ടപ്പെടുത്തുന്നതും.
അതുകൊണ്ടാണു നമ്മുടെ ഋഷിമാരും ഗുരുക്കന്മാരുമെല്ലാം നമ്മൾ ശ്രദ്ധയുള്ളവരായിത്തീരണമെന്ന് ഉപദേശിച്ചത്. സ്വന്തം ജീവിതത്തെ സ്വർഗീയമാക്കുന്നതും നരകതുല്യമാക്കുന്നതും നമ്മുടെ ശ്രദ്ധയും ശ്രദ്ധയില്ലായ്മകളുമാണ്. പാത്തർ നോസ്റ്റർ എന്നറിയപ്പെടുന്ന ജറുസലേമിലെ ലോകപ്രശസ്തദേവാലയം പടുത്തുയർത്തിയിരിക്കുന്നിടത്തു വച്ചാണ് 2000 കൊല്ലങ്ങൾക്ക് മുമ്പ് യേശുദേവൻ തന്റെ ശിഷ്യന്മാരെ ആദ്യമായി പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ... എന്നു തുടങ്ങുന്ന ആ പ്രാർത്ഥന ഭക്തന്റെ ശ്രദ്ധ അവന്റെ പിതാവായിരിക്കുന്ന ദൈവത്തിലും ദൈവത്തിന്റെ ശ്രദ്ധ അവന്റെ വിനീതദാസനായിരിക്കുന്ന ഭക്തനിലും പരസ്പരം സമർപ്പിതമാകണമെന്നതിന്റെ ഏറ്റവും വലിയ അപേക്ഷയാണത്.
20-ാം നൂറ്റാണ്ടിൽ ഗുരുദേവതൃപ്പാദങ്ങൾ സമസ്ത മനുഷ്യർക്കും ഒരുപോലെ ഒന്നുപോലെ പ്രാർത്ഥിക്കുന്നതിനായി രചിച്ചു നല്കിയ പ്രാർത്ഥനാകൃതിയാണ് ദൈവദശകം. ദൈവമേ കാത്തുകൊൾകങ്ങ്... എന്നു തുടങ്ങി വാഴണം വാഴണം സുഖം എന്നവസാനിക്കുന്ന ഈ പ്രാർത്ഥനയും ശ്രദ്ധയുടെ പ്രാർത്ഥനാനിർഭരമായ കരകവിയലാണ്. ഭക്തന്റെ ഉള്ളം ദൈവത്തിൽ അസ്പന്ദമായിത്തീരണമെന്നാണ് ഇതിലെ ഒരപേക്ഷ. ഒന്നിന്റെ വിവിധങ്ങളായി കാണപ്പെടുന്ന ആഴിയും തിരയും കാറ്റും ആഴവും പോലെ പലതുകളായിരിക്കുന്ന സർവചരാചരങ്ങളും ഇല്ലാത്തത് ഉള്ളതായും ഉള്ളത് ഇല്ലാത്തതായും തോന്നിപ്പിക്കുന്ന മായയും ഇവയ്ക്കെല്ലാം ആധാരമായി വിളങ്ങുന്ന ദൈവവും വേറല്ലെന്ന ബോധത്തിലേക്ക് ഭക്തനെ ഉയർത്തണമെന്നതാണു ദൈവദശകം നല്കുന്ന മറ്റൊരു ബോധനം. ഇപ്രകാരം ഭക്തന്റെ ഉണ്മയെ പരമാത്മാവിന്റെ ഉണ്മയിലേക്കും പരമാത്മാവിന്റെ ഉണ്മയെ ഭക്തന്റെ ഉണ്മയിലേക്കും ശേഷിപ്പില്ലാതെ പാരസ്പര്യപ്പെടുത്തുന്ന ഒരു മഹനീയമായ പ്രാർത്ഥനയാണു ദൈവദശകം. ഇത് ശ്രദ്ധയുടെ അചഞ്ചലത കൊണ്ട് ദൈവത്തിന്റെ സ്വരൂപത്തിൽ സമർപ്പിതമാകാൻ നമ്മെ പാകപ്പെടുത്തുന്ന വിശിഷ്ടമായൊരു പ്രാർത്ഥനയാണ്. ഇങ്ങനെ പ്രാർത്ഥനയിൽ പ്രബോധനത്തെയും പ്രബോധനത്തിൽ പ്രാർത്ഥനയെയും സമഞ്ജസമായി ഇണക്കി ഗുരുദേവൻ ആവിഷ്കരിച്ചിരിക്കുന്നത് മനുഷ്യജന്മത്തിന്റെ നിയുക്തതയെന്തെന്നു പ്രാർത്ഥകനെ ബോദ്ധ്യപ്പെടുത്താൻ കൂടിയാണ്. പ്രാർത്ഥനയില്ലാത്ത പ്രബോധനവും പ്രബോധനമില്ലാത്ത പ്രാർത്ഥനയും പ്രയോജനപ്പെടില്ലെന്ന തിരിച്ചറിവും ദൈവദശകം നമുക്ക് നല്കുന്നുണ്ട്.
ജീവശരീരത്തിന്റെ ഓരോ അണുവിലും പ്രാണധാരയിരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ ഓരോ അംശത്തിലും ശ്രദ്ധ സമർപ്പിതമായി നിലകൊള്ളണമെന്നു സാരം.
ഒരിക്കൽ ദത്താത്രേയൻ എന്ന അവധൂതൻ ഒരു ജലാശയത്തിന്റെ വരമ്പിൽ മത്സ്യത്തെ പിടിക്കാൻ നില്ക്കുന്ന ഒരു കൊക്കിനെ കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു വേടൻ നിശബ്ദനായി അതിനെ അമ്പെയ്തു വീഴ്ത്താൻ തക്കംപാർത്തു നിന്നു. ഇതൊന്നുമറിയാതെ എന്താണോ തേടുന്നത് അതിനായി മാത്രം മുഴുവൻ ശ്രദ്ധയുമർപ്പിച്ചു നില്ക്കുന്ന ആ കൊക്കിനെ അപ്പോൾ ദത്താത്രേയൻ തൊഴുതു. എന്നിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു. നിന്നെപ്പോലെ ഞാനും ധ്യാനത്തിലും ബ്രഹ്മചര്യത്തിലും ധർമ്മത്തിലും പിൻതിരിഞ്ഞു നോക്കാത്തവിധം ശ്രദ്ധയുള്ളവനായിത്തീരട്ടെ. ഈ വിധം ശ്രദ്ധകൊണ്ടാണു നമ്മുടെ ജീവിതത്തെ ഉണ്ടാക്കേണ്ടതും വളർത്തേണ്ടതും നിലനിറുത്തേണ്ടതും. അതിനായാൽ നമ്മൾ ചെയ്യേണ്ടതെന്തോ അതു ചെയ്യുകയും ചെയ്യരുതാത്തതെന്തോ അതു ചെയ്യാതിരിക്കുകയും ചെയ്യുന്ന ജീവിതത്തിന് ഉടമയായിത്തീരും.