tvs

വിപണിയിൽ ഇന്ന് കാണുന്ന സ്‌കൂട്ടറുകളിൽ നിന്ന് വ്യത്യസ്‌തനാമൊരു താരം! അതാണ്, ടി.വി.എസിന്റെ പുതിയ ഐക്യൂബ്. ഗതാഗത ലോകത്തെ ഭാവിതാരങ്ങൾ ഇലക്‌ട്രിക് വാഹനങ്ങളാണെന്ന സത്യം ഉൾക്കൊണ്ട്, ടി.വി.എസ് ഒരുക്കിയ സുന്ദരൻ സ്‌കൂട്ടറാണിത്. ഏതാണ്ട്, രണ്ടുകൊല്ലം എടുത്താണ് ഐക്യൂബിനെ ടി.വി.എസ് നിർമ്മിച്ചത്. അതിന്റെ ഗുണകണങ്ങൾ ഐക്യൂബിൽ കാണാനുമുണ്ട്.

1.15 ലക്ഷം രൂപയാണ് ഐക്യൂബിന്റെ ബംഗളൂരു എക്‌സ്ഷോറൂം വില. ടി.വി.എസിന്റെ, തമിഴ്‌നാട്ടിലെ ഹൊസൂർ പ്ളാന്റിലാണ് ഐക്യൂബിന്റെ സമ്പൂർണ നിർമ്മാണം. ചില ഭാഗങ്ങൾ വിദേശത്തു നിന്ന് കടംകൊണ്ടിട്ടുണ്ട്. ലിതിയം അയോൺ ബാറ്ററി വാങ്ങിയത് എൽ.ജിയിൽ നിന്നാണ്. ബോഷിൽ നിന്ന് ഡി.സി - മോട്ടോറും. മറ്റെല്ലാ ഭാഗങ്ങളും ടി.വി.എസ് തന്നെ ഒരുക്കിയതാണ്. രൂപകല്‌പനയിലും പെർഫോമൻസിലും ഇന്ന് നിരത്തിൽ കാണുന്ന മറ്റു സ്‌കൂട്ടറുകളിൽ നിന്നെല്ലാം വ്യത്യസ്‌തനാണ് ഐക്യൂബ് ഇലക്‌ട്രിക്.

ഹെഡ്‌ലാമ്പ്, ഇൻഡിക്കേറ്ററുകൾ, ടെയ്‌ൽലാമ്പ് എന്നിങ്ങനെ ലൈറ്റുകളെല്ലാം എൽ.ഇ.ഡി മയമാണ്. ഇത്, ഐക്യൂബിന് ഒരു പ്രീമിയം പെരുമ നൽകുന്നു. ഒത്തിരി മികവുള്ള, പുതിയ ഫുൾ-കളർ അഞ്ചിഞ്ച് ടി.എഫ്.ടി ഇൻസ്‌ട്രുമെന്റ് കൺസോളും ഏറെ ആകർഷകം. ടി.വി.എസിന്റെ സ്‌മാർട്ട് എക്‌സ് കണക്‌ട് ആപ്പ് ഉപയോഗിച്ച്, ഈ സ്‌ക്രീനും ഫോണുമായി ബന്ധിപ്പിക്കാം.

ബ്ളൂടൂത്ത് കണക്‌ടിവിറ്റിയുമുള്ള ടി.എഫ്.ടി സ്‌ക്രീനിൽ നാവിഗേഷൻ, കോൾ, എസ്.എം.എസ് അലർട്ടുകൾ, ബാറ്ററി ചാർജ്, ചാർജിംഗ് സ്‌റ്രാറ്റസ് തുടങ്ങിയവ കാണാം. വണ്ടി സ്‌റ്റാർട്ട് ചെയ്യണമെങ്കിൽ ബ്രേക്കും സ്‌റ്രാർട്ട് മോഡും ഒന്നിച്ച് പ്രസ് ചെയ്യണം. ഇത്, സ്‌റ്രാർട്ടിംഗിലെ പെട്ടെന്നുള്ള കുതിപ്പോ ചരിവോ ഒഴിവാക്കാനുള്ള സുരക്ഷാ ഫീച്ചർ കൂടിയാണ്.

എക്കോ, സ്‌പോർട്ട് എന്നീ റൈഡിംഗ് മോഡുകൾ ഐക്യൂബിനുണ്ട്. 78 കിലോമീറ്ററാണ് ടോപ്‌സ്‌പീഡ്. സ്‌പോർട്ട് മോഡിൽ 60-70 കിലോമീറ്റർ വേഗതയിൽ മികച്ച റൈഡിംഗ് ആസ്വാദനം ഐക്യൂബ് പകരും. എക്കോ മോഡിൽ വേഗതാ പരിധി മണിക്കൂറിൽ 45 കിലോമീറ്ററാണ്. ഇത്, ബാറ്ററി ചാർജ് ലാഭിക്കാൻ സഹായിക്കും. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്രർ വേഗം കൈവരിക്കാൻ ഐക്യൂബിന് 4.2 സെക്കൻഡ് ധാരാളം.

വീടുകളിൽ ചാർജ് ചെയ്യാവുന്ന, പരമ്പരാഗത 10എ പവർ സോക്കറ്ര് ഉപയോഗിച്ചാണ് ബാറ്രറി ചാർജ് ചെയ്യേണ്ടത്. 5 മണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാം. നാല് മണിക്കൂറിൽ 75 ശതമാനവും. ഫുൾ ചാർജിൽ 75 കിലോമീറ്രർ വരെ ഐക്യൂബ് ഓടും. ഫാസ്‌റ്റ് ചാർജിംഗ് സൗകര്യം ഭാവിയിൽ ടി.വി.എസ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. ഇത്, ദീർഘദൂര യാത്രയ്ക്കും ഐക്യൂബിനെ അനുയോജ്യമാക്കും.

ടി.എഫ്.ടി സ്ക്രീനിൽ സുരക്ഷാ ഫീച്ചറായി സൈഡ് സ്‌റ്രാൻഡ് ഇൻഡിക്കേറ്ററുണ്ട്. പരമാവധി 10-12 കിലോമീറ്രർ വേഗം നൽകുന്ന പാർക്ക് അസിസ്‌റ്ര്, ഇതിനൊപ്പം മൂന്നു കിലോമീറ്റർ പരമാവധി വേഗവുമായി റിവേഴ്‌സ് അസിസ്‌റ്റ് ഫീച്ചറുകളുമുണ്ട്. 12 ഇഞ്ച് വീലുകളാണ് രണ്ടും. മുന്നിൽ 220 എം.എം. ഡിസ്‌ക് ബ്രേക്കും പിന്നിൽ 130 എം.എം. ഡ്രം ബ്രേക്കും ഇടംപിടിച്ചു. കോംബി ബ്രേക്ക് സിസ്‌റ്റത്തിന്റെ (സി.ബി.എസ്) പിന്തുണയുമുണ്ട്.

സീറ്രിന് താഴെ ഹെൽമറ്ര് ഉൾപ്പെടെ വയ്ക്കാൻ സ്‌റ്റോറേജ് സ്‌പേസ്, അതിനൊപ്പം മൊബൈൽ ചാർജിംഗ് പോർട്ട് എന്നീ മികവുകളും ടി.വി.എസ് ഐക്യൂബിനുണ്ട്.