tea

കൊച്ചി: ലോകത്തെയാകെ ഭയപ്പെടുത്തിയ വിഹരിക്കുന്ന കൊറോണ വൈറസ്, ഇന്ത്യയിൽ നിന്ന് തേയില കയറ്റുമതിക്കും ഭീഷണിയാകുന്നു. നേരത്തേ തന്നെ വരുമാന നഷ്‌ടത്തിന്റെ പിടിയിലായ തേടില കയറ്റുമതി മേഖലയെ കൂടുതൽ തളർത്തുകയാണ് കൊറോണ.

ഇന്ത്യയുടെ പ്രമുഖ കയറ്റുമതി രാജ്യങ്ങളായ ഇറാൻ, ചൈന, ജപ്പാൻ എന്നിവയെല്ലാം കൊറോണയുടെ പിടിയിലാണ്. ഇവിടങ്ങളിലേക്കുള്ള കയറ്റുമതി 2019ൽ നഷ്‌ടത്തിലായിരുന്നു. 2020 കൂടുതൽ സങ്കടം നൽകുമെന്നാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്. 2018നെ അപേക്ഷിച്ച്, 2019ൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വൻതോതിൽ ഉയർന്നിരുന്നു. പ്രമുഖ വിപണിയായ യു.എ.ഇയിലും കൊറോണ ആശങ്ക വിതയ്ക്കുന്നത് കയറ്റുമതിയെ ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞവർഷം റഷ്യയിൽ നിന്നാണ് ഇന്ത്യൻ തേയിലയുടെ ഏറ്റവും വലിയ വിപണിസ്ഥാനം ഇറാൻ പിടിച്ചെടുത്തത്. ഇറാനിലേക്കുള്ള കയറ്റുമതി 30.78 മില്യൺ കിലോഗ്രാമിൽ നിന്ന് 53.45 മില്യൺ കിലോഗ്രാമായി ഉയർന്നു. ചൈനയിലേക്കുള്ള കയറ്റുമതി 10.31 മില്യൺ കിലോഗ്രാമിൽ നിന്ന് 13.45 മില്യൺ കിലോഗ്രാമിലേക്കും ഉയർന്നിരുന്നു. കൊറോണ ഭീതിമൂലം ഡിമാൻഡ് കുറഞ്ഞതും ഇടപാടുകൾ നിലയ്ക്കുന്നതുമാണ് ഈ വർഷത്തെ കയറ്റുമതിക്കുമേൽ കരിനിഴലാകുന്നത്.

പ്രമുഖ വിപണികളും

കയറ്റുമതിയും

(രാജ്യം, യഥാക്രമം 2019ലെയും 2018ലെയും കയറ്റുമതി - മില്യൺ കിലോഗ്രാമിൽ)

ഇറാൻ 53.45 30.78

റഷ്യ 45.60 46.91

ചൈന 13.45 10.31

യു.എ.ഇ 13.14 21.45

ബ്രിട്ടൻ 11.74 15.71

2.05%

കഴിഞ്ഞവർഷം (2019) ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതി കുറിച്ച വളർച്ച 2.05 ശതമാനം.

₹5,776 കോടി

കഴിഞ്ഞവർഷത്തെ തേയില കയറ്റുമതി വരുമാനം. 2018ലെ വരുമാനം 5,660 കോടി രൂപ.