നീ തന്നെ സാക്ഷി
നിന്റെ നയനങ്ങളിൽ
നനവായിടട്ടെ ഞാൻ
സിരകളിൽ ആലോല ലോലമാവട്ടെ
എന്നെ കൊരുക്കുന്നതാര്?
നിൻ സ്നേഹവിദ്യയല്ലാതെ!
ചുറ്റി വലിയ്ക്കുന്നതെന്ത്?
നിൻ പ്രേമവല്ലിയല്ലാതെ!
നിൻ നെറ്റിയിൽ പൂത്ത
സ്വേദബിന്ദുക്കളിൽ
ഞാൻ സൂര്യനായുദിക്കട്ടെ
നിന്റെയാഴങ്ങളിൽ മുങ്ങി,
ഞാനെന്ന
മുത്തിനെ കണ്ടെടുക്കട്ടെ
അന്നൊരു രാപ്പാടി
പാടുമ്പൊഴാണു, നാ–
മിത്തിരി കണ്ടു, മറന്നു?
പിന്നിപ്പോൾ, വീണ്ടും
പറന്നുവന്നെൻ
കൊക്കുരുമ്മുന്നു നീ,
നിലാപ്പക്ഷി!
പ്രേമം, ചിരകാല ബന്ധിതം
പൊട്ടാത്ത നൂലുപോലാർദ്രം
അനശ്വരം, സുന്ദരം
കാണാത്ത കണ്ണികൾ
ജന്മാന്തരങ്ങളിൽ
ചേരുന്ന മായാവിലാസം!
വരിക സഖീ, കരം നീട്ടുന്നു ഞാ–
നെന്നിൽ, നിറയൂ സഖീ
തരൂ, ഹർഷവർഷം