bank-loans

 വ്യക്തിഗത വായ്‌പയ്ക്ക് ജനുവരിയിൽ കണ്ടത് വലിയ തിരക്ക്. മറ്റു വായ്‌പകൾ വാങ്ങാൻ ആളില്ല!

കൊച്ചി: ബാങ്കുകളിൽ നിന്നുള്ള മൊത്തം വായ്‌പാ വിതരണം ജനുവരിയിൽ വളർന്നത് 8.5 ശതമാനം. 2019 ജനുവരിയിൽ വളർച്ച 13.5 ശതമാനമായിരുന്നുവെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. വ്യവസായ-വാണിജ്യ മേഖല കടുത്ത മാന്ദ്യത്തിന്റെ പിടിയിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ സേവന മേഖലയിലേക്കുള്ള വായ്‌പാ വിതരണ വളർച്ച 23.9 ശതമാനത്തിൽ നിന്ന് 8.9 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ബാങ്കുകളിൽ നിന്ന് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള (എൻ.ബി.എഫ്.സി) വായ്‌പാ വിതരണ വളർച്ച 48.3 ശതമാനത്തിൽ നിന്ന് 32.2 ശതമാനമായി താഴ്‌ന്നു. കാർഷിക വായ്പകൾ കുറിച്ചത് നെഗറ്രീവ് 6.5 ശതമാനം വളർച്ചയാണ്. വ്യവസായ ആവശ്യങ്ങൾക്കുള്ള വായ്പകളുടെ വളർച്ച 5.2 ശതമാനത്തിൽ നിന്ന് 2.5 ശതമാനത്തിലേക്കും ഇടിഞ്ഞു.

അതേസമയം, വ്യക്തിഗത വായ്‌പാ വളർച്ച 16.9 ശതമാനം വർദ്ധിച്ചു. ഇതിൽ ഭവന വായ്‌പകളാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്; 17.5 ശതമാനം. വിദ്യാഭ്യാസ വായ്‌പാ വിതരണ വളർച്ച പക്ഷേ നെഗറ്റീവ് 3.1 ശതമാനമാണ്. ജനുവരിയിലെ വായ്‌പാ വിതരണത്തിൽ പൊതുമേഖലാ ബാങ്കുകൾ 3.7 ശതമാനവും സ്വകാര്യ ബാങ്കുകൾ 13.1 ശതമാനവും വളർച്ച കുറിച്ചു.