മുംബയ്: എൽ.ഐ.സിയുടെ പുതിയ യൂണിറ്ര് ലിങ്ക്ഡ് വ്യക്തിഗത ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ചെയർമാൻ എം.ആർ. കുമാർ പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടയ്ക്കാവുന്ന നിവേഷ് പ്ളസ് പ്ളാൻ, റെഗുലർ പ്രീമിയം പോളിസിയായ എസ്.ഐ.ഐ.പി എന്നിവയാണവ.
നിവേഷ് പ്ളാനിൽ, പോളിസി കാലയളവിൽ ഇൻഷ്വറൻസ് പരിരക്ഷയും നിക്ഷേപവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അടിസ്ഥാന അഷ്വറൻസ് തുകയും ഒറ്റത്തവണ പ്രീമീയം തുകയും നിക്ഷേപകന് സ്വതന്ത്രമായി തിരഞ്ഞെടുക്കാം. ഒറ്റത്തവണ പ്രീമിയത്തിന്റെ പത്തിരട്ടിയായിരിക്കും അഷ്വറൻസ് തുക. ഒറ്റത്തവണ പ്രീമിയത്തിന്റെ നിശ്‌ചിത ശതമാനക്കണക്കിൽ ഗാരന്റീഡ് അഡിഷനും ലഭിക്കും. തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ ഇനമനുസരിച്ച് ഈ തുക യൂണിറ്റുകൾ വാങ്ങാൻ ഉപയോഗിക്കും. കുറഞ്ഞ പ്രീമിയം ഒരുലക്ഷം രൂപയാണ്. ഉയർന്ന പ്രീമിയത്തിന് പരിധിയില്ല.
എസ്.ഐ.ഐ.പി അഥവാ സിപ്പ് പ്ളാൻ തിരഞ്ഞെടുക്കുന്നവർക്ക് കാലാവധി അനുസരിച്ച് പ്രീമിയം തുക തിരഞ്ഞെടുക്കാം. 55 വയസിൽ താഴെയുള്ളവർക്ക് അഷ്വറൻസ് തുക വാർഷിക പ്രീമിയത്തിന്റെ പത്തിരട്ടിയും 55നുമേൽ പ്രായമുള്ളവർക്ക് ഏഴ് ഇരട്ടിയുമാണ്. ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം 40,000 രൂപ. കൂടിയ പ്രീമിയത്തിന് പരിധിയില്ല. കാലാവധി പൂർത്തിയാകുമ്പോൾ യൂണിറ്റ് ഫണ്ടിന്റെ മൂല്യമനുസരിച്ചുള്ള തുക ലഭിക്കും. രണ്ടു പോളിസികൾക്കും അഞ്ചുവർഷത്തിന് ശേഷം ഭാഗികമായി പിൻവലിക്കൽ അനുവദിക്കും. ഇരു പോളിസികളും ഇന്നുമുതൽ ലഭ്യമാണ്. ഓൺലൈനിലും ഓഫ്‌ലൈനിലും ഇവ ലഭിക്കും.
ഫോട്ടോ:
എൽ.ഐ.സിയുടെ പുതിയ യൂണിറ്ര് ലിങ്ക്ഡ് വ്യക്തിഗത ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ചെയർമാൻ എം.ആർ. കുമാർ പുറത്തിറക്കുന്നു.