കലാപം നടന്ന വടക്കൻജില്ലകളിലെ തെരുവുകളിലൂടെ കേരളകൗമുദി റിപ്പോർട്ടർ ശരണ്യാ ഭുവനേന്ദ്രൻ നടത്തിയ യാത്ര
ന്യൂഡൽഹി: സമയം രാവിലെ 9. സ്ഥലം വടക്കൻജില്ലയായ ഭജൻപുരയിലെ ഒരു തെരുവ്. കലാപത്തിൽ ഏറെ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ ഒന്ന്.നൂറുകണക്കിന് കടകളുള്ള തെരുവിൽ അങ്ങിങ്ങായി കത്തിയെരിഞ്ഞ കടകൾ കാണാം.ചില കെട്ടിടത്തിന്റെ അസ്ഥിവാരം മാത്രമാണ് ബാക്കി.കടയുടെ അവശിഷ്ടങ്ങൾക്കിടയിൽ എന്തെങ്കിലും
ബാക്കിയുണ്ടോയെന്ന് തിരയുകയാണ് ഷുഹൈബ്ദീനും ഭാര്യയും. ഞായറാഴ്ചയുണ്ടായ ആക്രമണത്തിനിടെ കടയ്‌ക്കുള്ളിൽ നിന്ന് ജീവനുംകൊണ്ട് ഓടിയതാണ്. ശേഷം ഇന്നലെയാണ് കടയിലെത്തിയത്. ‘ഒരായുസിന്റെ അദ്ധ്വാനമാണ്. കുറേ നേരം കുത്തിയിരുന്ന് ഇരുവരും പൊട്ടിക്കരഞ്ഞു. ഇതുപോലുള്ള ഒരുപാട് ഷുഹൈബ്ദീൻമാരെയും മുന്നോട്ടുള്ള യാത്രയിൽ കണ്ടു.
അവിടെ നിന്നു വീണ്ടും മുന്നോട്ട് നടന്നു. റോഡ് വക്കിൽ മൺകട്ടകൾ കൂട്ടിയിട്ടിരിക്കുന്നു. കോർപറേഷൻ തൊഴിലാളികൾ വെള്ളംതളിച്ച് റോഡ് വൃത്തിയാക്കുന്നു.അക്രമത്തിൽ നശിച്ച കടകളും ആരാധനാലങ്ങളും കഴുകി വൃത്തിയാക്കാൻ ജനങ്ങളും സജീവമായി രംഗത്തുണ്ട്. എല്ലാം നഷ്ടപ്പെട്ട് തെരുവിലായവർക്ക് ഭക്ഷണവും വസ്ത്രവും ചികിത്സയും നൽകാൻ സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും എത്തുന്നുണ്ട്. സുരക്ഷയ്ക്കായി എത്തിയ സൈനികൾക്ക് നന്ദിയറിയിച്ച് ഇരിപ്പിടവും വെള്ളവും നൽകാൻ തിടുക്കം കൂട്ടുന്ന ഗ്രാമീണ സ്ത്രീകളുടെ കാഴ്ച വ്യത്യസ്ത അനുഭവമായിരുന്നു. അങ്ങനെ വടക്ക് കിഴക്കൻ ഡൽഹി അതിജീവനത്തിലേക്ക് പിച്ചവയ്‌ക്കുകയാണ്.
ചാരത്തിൽ മുങ്ങി
കലാപം നാശം വിതച്ച ഖജൂരി, ഗോകുൽപുരി, മോച്പുർ, കർഥംപുരി എന്നിവിടങ്ങളിലെ തെരുവുകളിലെ കാഴ്ച ഇതിലും ദയനീയമാണ്.എല്ലായിടത്തും ചാരത്തിൽ മുങ്ങിയ വീടുകൾ.വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ട് തേങ്ങുന്ന ജനത.വിവാഹപ്രായമെത്തിയ മകൾക്കായി കരുതി വച്ച സ്വർണവും പണവും നഷ്ടപ്പെട്ട് നിൽക്കുന്ന യശോദ, അക്രമികൾ കത്തിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങൾ വാരികൂട്ടുന്ന ഷഹീൻ, പെട്രോൾ ബോംബ് ആക്രമണത്തിൽ വീട് പൂർണമായും നശിച്ച ഗോപാൽ. നഷ്ടപ്പെട്ടവരുടെ കണക്കുകൾ നീളുകയാണ്.