ചെന്നൈ: ഇന്ത്യൻ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ടു നടൻ കമലഹാസനെ ഉടൻ ചോദ്യം ചെയ്യും. നടനോട് ചൊവ്വാഴ്‌ച നേരിട്ട് ഹാജരാകണമെന്ന് അന്വേഷണസംഘം നിർദേശം നൽകി കഴിഞ്ഞു. ചെന്നൈയ്ക്കു സമീപം നസ്രത്ത്‌പേട്ടിൽ നടന്ന ചിത്രീകരണത്തിനിടെ ക്രെയിൻ തകർന്നു വീണു അസിസ്റ്റന്റ് ഡയറക്ടറുൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സംവിധായകൻ ഷങ്കറിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കമൽ ഉന്നയിച്ചെങ്കിലും നിർമ്മാതാക്കൾ എതിർക്കുകയായിരുന്നു. നടനും സംവിധായകനും അപകടത്തിന്റെ ഉത്തരവാദിത്തമുണ്ടെന്നു നിർമാണ കമ്പനിയായ ലൈക്കാ പ്രൊഡക്ഷൻസ് തുറന്നടിച്ചു.