കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം ഫെബ്രുവരി 21ന് സമാപിച്ച വാരത്തിൽ പുതിയ റെക്കാഡ് കുറിച്ചു. 2.90 കോടി ഡോളർ വർദ്ധനയുമായി 47,612.20 കോടി ഡോളറാണ് വിദേശ നാണയ ശേഖരം. കരുതൽ സ്വർണ ശേഖരത്തിന്റെ മൂല്യമുയർന്നത് നേട്ടമായി. തൊട്ടുമുമ്പത്തെ വാരത്തിൽ വിദേശ നാണയ ശേഖരം 300 കോടി ഡോളറിന്റെ വർദ്ധന കുറിച്ചിരുന്നു.
അതേസമയം, വിദേശ നാണയ ആസ്‌തി കഴിഞ്ഞവാരം 49 കോടി ഡോളർ താഴ്‌ന്ന് 44,145.80 കോടി ഡോളറിലെത്തി. ഡോളറിലാണ് കണക്കാക്കുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, പൗണ്ട്, യുവാൻ, യെൻ തുടങ്ങിയവയുണ്ട്. ഇവയുടെ മൂല്യത്തിലെ വ്യത്യാസമാണ് വിദേശ നാണയ ശേഖരത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞവാരം കരുതൽ സ്വർണ ശേഖരം 53.90 കോടി ഡോളർ വർദ്ധിച്ച് 2,966.20 കോടി ഡോളറായി. തുടർച്ചയായ രണ്ടാംവാരമാണ് സ്വർണശേഖരം കൂടുന്നത്.