ഫെബ്രുവരിയിൽ ₹1.05 ലക്ഷം കോടി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് നേരിയ ആശ്വാസം പകർന്ന് ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞമാസം 1.05 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. കേന്ദ്ര ജി.എസ്.ടിയായി 20,569 കോടി രൂപയും സംസ്ഥാന ജി.എസ്.ടിയായി 27,348 കോടി രൂപയും സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 48,503 കോടി രൂപയും സമാഹരിച്ചു. സെസ് ഇനത്തിലാണ് 8,947 കോടി രൂപ കിട്ടിയത്.
കഴിഞ്ഞമാസം 83 ലക്ഷം ജി.എസ്.ടി.ആർ-3ബി റിട്ടേൺ ഫയൽ ചെയ്യപ്പെട്ടു. കഴിഞ്ഞമാസം വാണിജ്യ ഇടപാടുകളിൽ 12 ശതമാനം വർദ്ധനയുണ്ട്. 2019 ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ജി.എസ്.ടി സമാഹരണത്തിൽ എട്ടു ശതമാനമാണ് വർദ്ധന. 97,247 കോടി രൂപയാണ് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സമാഹരിച്ചത്.
പ്രതിമാസം 1.15 ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന കേന്ദ്ര ലക്ഷ്യവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞമാസത്തെ 'കളക്ഷൻ" നിരാശപ്പെടുത്തുന്നതാണ്. നടപ്പു സാമ്പത്തിക വർഷം (2019-20) ഏഴ് മാസങ്ങളിൽ ജി.എസ്.ടി സമാഹരണം ഒരുലക്ഷം കോടി രൂപ കടന്നു. ഏപ്രിൽ, മേയ്, ജൂലായ്, നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണവ. 1.10 ലക്ഷം കോടി രൂപയാണ് ജനുവരിയിൽ നേടിയത്. ഏപ്രിലിൽ ലഭിച്ച 1.13 ലക്ഷം കോടി രൂപയാണ് റെക്കാഡ്.