കൊച്ചി: സത്യം പറഞ്ഞതിനാണ് തന്നെ സഭയിൽ നിന്ന് പുറത്താക്കിയതെന്നും എന്ത് സംഭവിച്ചാലും മഠം വിട്ട് പോകില്ലെന്ന് ആവർത്തിച്ച് സിസ്റ്റർ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാമെന്ന് സ്വപ്നം കാണേണ്ടെന്നും അവർ പറഞ്ഞു. . തനിക്ക് വത്തിക്കാനിൽ നിന്ന് ഒരു സ്ത്രീയെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.
"ബിഷപ്പുമാരുടെ തെറ്റുകൾ സമ്മതിച്ചു കൊടുക്കാൻ ഇനി ആകില്ല. വത്തിക്കാൻ ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നൽകിയില്ല. സത്യം പറഞ്ഞതിനാണ് സഭയിൽ നിന്ന് പുറത്താക്കിയത്. സഭ തനിക്ക് നീതി നൽകിയില്ല. തന്റെ ഭാഗം കേൾക്കാൻ പോലും കാനോൻ നിയമം തയ്യാറായില്ല. നീതി ഉറപ്പാക്കാൻ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നു. ഇന്ത്യൻ നിയമത്തെ ബഹുമാനിക്കും. അതിനാൽ നിയമ പോരാട്ടം തുടരും." നിസഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് പുറത്താക്കലെങ്കിൽ ഇനിയും സത്യം വിളിച്ചു പറയുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.
അധികാരവും പണവും സഭയ്ക്ക് ഒപ്പമാണ്. എനിക്ക് എത്രമാത്രം പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് അറിയില്ല. എന്നെ അവർ ഭയക്കുന്നുണ്ട്. അതിനാലാണ് പുറത്താക്കുന്നത്. എഫ്.സി.സി സന്യാസിനി സമൂഹം മേലധ്യക്ഷന്മാരുടെ സംരക്ഷകരാണ്. സത്യത്തിന് വേണ്ടിയാണ് ഞാൻ നില കൊള്ളുന്നത്. അതിനായി മരിക്കാനും ഞാൻ തയ്യാറാണ്. തെറ്റുകൾ ഇനിയും ചൂണ്ടിക്കാണിക്കും. എഫ്.സി.സിയുടെയോ മറ്റ് സന്യാസസഭകളുടെയോ പുരോഹിതരുടെയോ ബിഷപ്പുമാരുടെയോ തെറ്റുകൾക്ക്, വളം വച്ച് കൊടുക്കാൻ ഇനി ഞാൻ അനുവദിക്കില്ല. അതിന്റെ പേരിൽ പുറത്തുപോകാനും ഞാൻ തയ്യാറല്ല'', സിസ്റ്റർ ലൂസി പറയുന്നു.