നെടുമ്പാശേരി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് പോകുന്ന തൊഴിൽ വിസയുള്ളവരുടെ യാത്രയും മുടങ്ങുന്നു. ആദ്യഘട്ടത്തിൽ ഉംറ തീർത്ഥാടകർക്ക് മാത്രമാണ് യാത്രാവിലക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ തൊഴിൽ വിസയുള്ളവരെയും സൗദിയിലേക്ക് കൊണ്ടുപോകാൻ എയർലൈൻ കമ്പനികൾ വിസമ്മതിക്കുന്നു. ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള സർവീസുകളുടെ ഷെഡ്യൂളുകളിലും വിമാനക്കമ്പനികൾ മാറ്റം വരുത്തി.
സൗദിയിലേക്ക് പോകാനായി ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജോലി വിസയുള്ള യാത്രക്കാരെ ഒമാൻ എയർവേസ് അധികൃതർ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.
സൗദിയിലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് എയർലൈൻ കമ്പനികൾ യാത്രക്കാരെ കയറ്റാത്തത്. രണ്ട് ദിവസമായി സൗദിയിലേക്ക് അതായത് ജോലിക്കിടെ വെക്കേഷന് പോയി മടങ്ങുന്ന റീ എൻട്രി വിസക്കാരെ മാത്രമാണ് വിമാനക്കമ്പനികൾ സ്വീകരിക്കുന്നത്. പുതിയ ജോലി വിസക്കാരെയും സന്ദർശന വിസക്കാരെയും ഭൂരിഭാഗം വിമാനക്കമ്പനികളും സ്വീകരിക്കുന്നില്ല.
ഇത്തരക്കാർക്ക് സൗദി വിമാനത്താവളങ്ങളിൽ മണിക്കൂറുകളാണ് പരിശോധന.അത്രയും സമയം ഇവർ വന്ന വിമാനങ്ങൾ പിടിച്ചിടും. ഇതോടെ സർവീസ് താളം തെറ്റുന്നതാണ് പ്രശ്നമാകുന്നത്.