ദുബായ്: പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നു. ഇറാനിൽ കോവിഡ്-19 വൈറസ് ഇതുവരെ 978 പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 54 പേർ മരിച്ചതായാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം 205 പേർക്ക് ഇറാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇറാനിലെ ഷിയ വിഭാഗക്കാരുടെ പുണ്യകേന്ദ്രമായ മഷാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയ വക്താവ് കിനൗഷ് ജഹാൻപുർ അറിയിച്ചു. ഇത്തരം തീർത്ഥാടന കേന്ദ്രങ്ങൾ അടയ്ക്കണമെന്ന് ഇറാൻ ഭരണകൂടം അഭ്യർത്ഥിച്ചെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. അതേസമയം. ഇറാനിലെ മരണസംഖ്യ ഇപ്പോള്‍ വെളിപ്പെടുത്തിയതിലും അധികമാകാമെന്ന് വിദഗ്ദ്ധർ കരുതുന്നു.
മിക്ക ഗൾഫ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. കുവൈറ്റില്‍ 46, ബഹറിനിൽ 38, ഒമാനിൽ ആറ്, യു.എ.ഇയിൽ 21 എന്നിങ്ങനെയാണ് കൊറോണ ബാധിതരെക്കുറിച്ചുള്ള ഏറ്റവും പുതിയ കണക്കുകൾ. സൗദി അറേബ്യ മക്ക, മദീന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനവും നിറുത്തിവച്ചിരിക്കുകയാണ്.