''പിന്നെ അവൻ എന്തൊക്കെ പറഞ്ഞു?"
എസ്.പിയുടെ ചോദ്യം ഫോണിലൂടെ വിജിലൻസ് ഡിവൈ.എസ്.പി കേട്ടു.
''സാർ.. ആ ബുള്ളറ്റുകളുടെ കാര്യം പറഞ്ഞാണ് ഷാജി ചെങ്ങറ അയാളെ കാണാൻ ചെന്നതെന്നും അയാൾ അറിയാതെ പണം അവിടെ വച്ചതാകുമെന്നും."
''ങൂഹും. അങ്ങനെയെങ്കിൽ അവന്റെ കയ്യിൽ ഫിനോഫ്‌തലിൻ പുരളുന്നതെങ്ങനെ?"
''അതാണു സാർ ഞങ്ങളുടെയും പ്രശ്നം."
''ശരി. നിങ്ങൾ നിങ്ങളുടെ രീതിയിൽ മുന്നോട്ടു പോകുക. കോടതിയിൽ എത്തിക്കും മുൻപ് ആ ബുള്ളറ്റുകളെക്കുറിച്ച് ഇഗ്‌നേഷ്യസ് പറഞ്ഞതും സത്യമാണോയെന്ന് നമുക്കറിയേണ്ടതുണ്ട്."
''സാർ."
''താൻ ഒരു കാര്യം ചെയ്യ്. അയാളെയും കൊണ്ട് നേരെ കോന്നി സ്റ്റേഷനിലേക്കു പോകൂ.
സത്യം എന്താണെന്ന് ആദ്യമേ തിരിച്ചറിയുന്നതല്ലേ നല്ലത്?"
''ശരി സാർ..."
വിജിലൻസ് ഡിവൈ.എസ്.പി കോൾ മുറിച്ചു.
***
പത്തു മണി.
പൊതുമരാമത്തു മന്ത്രി റോഡുപണി പരിശോധിക്കുവാൻ എത്തുന്നതിനാൽ കോന്നിയിലും പരിസര പ്രദേശത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രതിപക്ഷക്കാർ മന്ത്രിയെ കരിങ്കൊടി കാണിക്കും എന്ന് രഹസ്യവിവരം പോലീസിനു കിട്ടിയിരുന്നു.
ഓട്ടം തീരെ കുറവായതിനാൽ സിദ്ധാർത്ഥും മറ്റും സ്റ്റാന്റിൽത്തന്നെയുണ്ട്.
''മന്ത്രി വന്ന് നോക്കിയിട്ടെന്താ കാര്യം? ചാനൽ ക്യാമറകൾക്കു മുന്നിൽ എന്തെങ്കിലും പറഞ്ഞിട്ടു പോകും. നമ്മുടെ കണ്ണിൽ പൊടിയിടാൻ. അല്ലാതെന്തു സംഭവിക്കാനാ?"
മീറ്റർ ചാണ്ടി പറഞ്ഞു.
അയാൾ പ്രതിപക്ഷ കക്ഷിയാണെന്ന് മറ്റുള്ളവർക്ക് അറിയാം.
എങ്കിലും ആരും മറുപടി പറഞ്ഞില്ല.
പ്രബലമായ മൂന്ന് രാഷ്ട്രീയ കക്ഷിയിലും പെട്ടവരുണ്ട് ഓട്ടോ ഡ്രൈവറന്മാരുടെ കൂട്ടത്തിൽ. എന്നാൽ രാഷ്ട്രീയം പറഞ്ഞ് തമ്മിൽ വഴക്കിടരുത് എന്നത് സംയുക്തമായി എടുത്ത തീരുമാനമാണ്.
നേതാക്കന്മാർക്കു വേണ്ടി തമ്മിൽ തല്ലാനും ജയിലിൽ കിടക്കാനും ആരും തയ്യാറല്ല. അങ്ങനെ വന്നാൽ സ്വന്തം കുടുംബം പട്ടിണിയിലാകും എന്നല്ലാതെ ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവ്!
തങ്ങൾക്കുവേണ്ടി എന്നുപറഞ്ഞ് ഒരു പോലീസ് സ്റ്റേഷൻ മാർച്ചോ ഹർത്താലോ പ്രതിഷേധ ദിനമോ ആചരിച്ചെന്നിരിക്കും. പാർട്ടി വളർത്തുവാൻ. പിന്നെ ഒരു നേതാവും തിരിഞ്ഞു നോക്കത്തില്ല.
കേസുനടത്താൻ വക്കീലിനു കൊടുക്കാൻ സ്വന്തം കിടപ്പാടം വിൽക്കുകയോ പണയപ്പെടുത്തുകയോ ചെയ്യേണ്ടിവരും. അവസാനം പെരുവഴിയിൽ...
''എടാ സിദ്ധാർത്ഥേ... നീ അവളെ വിളിച്ചിരുന്നോടാ. മാളവികയെ?"
'മാളവിക' എന്ന പേരു കേട്ടപ്പോൾ മനസ്സിൽ ഒരു സുഖം തോന്നിയെങ്കിലും സിദ്ധാർത്ഥ് അത് പുറത്തുകാണിച്ചില്ല.
''പിന്നേ... ഞാനെന്തിനാ അവളെ വിളിക്കുന്നത്? അവളെന്റെ ഭാര്യയാണോ?"
''അങ്ങനെ വിളിച്ചു വിളിച്ചാണല്ലോ കാമുകിയും ഭാര്യയും ഒക്കെയാകുന്നത്?" വൈറസ് മാത്യു പറഞ്ഞു.
''ഒന്നു പോടാ കൂവേ. അങ്ങനെ ലൈനിടാൻ ആയിരുന്നേൽ എന്റെ മുന്നിൽ പെൺകുട്ടികൾ ക്യൂനിന്നേനെ."
സിദ്ധാർത്ഥ് മീശത്തുമ്പ് അല്പം പിരിച്ചുകൊണ്ട് സൈഡ് മിററിൽ നോക്കി.
''അത് ശരിയാ" മീറ്റർ ചാണ്ടി ചിരിച്ചു. ''ക്യൂനിന്നേനെ... നിന്റെ മുന്നിലല്ല. ബിവറേജസിന്റെ കൗണ്ടറിനു മുന്നിൽ."
അതുകേട്ട് മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.
ആ നേരത്ത് വിജിലൻസ് സംഘം സി.ഐ ഇഗ്‌നേഷ്യസിനെയും കൊണ്ട് കോന്നി പോലീസ് സ്റ്റേഷനിൽ എത്തി.
തൊട്ടുപിന്നാലെ തൂവെള്ള ഇന്നോവ കാറിൽ എസ്.പി കൃഷ്ണപ്രസാദും എത്തി.
തന്റെ സബോഡിനേറ്റ്‌സിനു മുന്നിൽ താൻ കടുകുമണിയോളം ചെറുതാകുന്നതായി ഇഗ്‌നേഷ്യസിനു തോന്നി.
ചിലരുടെ മുഖത്ത് സഹതാപമുണ്ട്. ചിലർ ഗൂഢമായി പുഞ്ചിരിക്കുന്നതുപോലെ...
''ഇഗ്‌നേഷ്യസ്. നിങ്ങൾ കണ്ടെടുത്തു എന്നു പറഞ്ഞ ബുള്ളറ്റുകൾ എനിക്കു കാണണം."
എസ്.പി അയാൾക്കു നേരെ തിരിഞ്ഞു.
''സാർ..." വിജിലൻസ് സംഘത്തിന്റെ അകമ്പടിയോടെ ഇഗ്‌നേഷ്യസ് തന്റെ ക്യാബിനിൽ കടന്നു.
മേശവലിപ്പിൽ നിന്ന് അലമാരയുടെ താക്കോൽ എടുത്തു. പിന്നെ ഒന്നു തിരിഞ്ഞു നോക്കി.
വാതിൽക്കൽ എസ്.പിയുണ്ട്. അയാൾക്കു പിന്നിൽ എസ്.ഐ ബോബികുര്യനും പോലീസുകാരും.
ഇഗ്‌നേഷ്യസ് അലമാര തുറന്നു. ശേഷം ലോക്കറും.
എന്നാൽ...
അകത്തേക്കു നോക്കിയ അയാൾ വിളറിപ്പോയി.
തലേന്നു ഭദ്രമായി വച്ച ബുള്ളറ്റുകൾ കാണാനില്ല!
''ങ്‌ഹേ?" വിശ്വാസം വരാതെ സി.ഐ ഇഗ്‌നേഷ്യസ് അകത്തേക്കു കൈകടത്തി പരതി.
''ഇല്ല..." അയാൾ സ്വയം പറഞ്ഞു. തുടർന്നു വെട്ടിത്തിരിഞ്ഞ് എസ്.ഐയോടു ചീറി.
''ബോബീ... ഇതിനുള്ളിൽ ഇരുന്ന ബുള്ളറ്റുകൾ എവിടെ?"
''സാർ... എനിക്കറിയില്ല. ഞാൻ കണ്ടില്ല..."
''എടോ തന്നെ ഞാൻ... താൻ അറിയാതെ അത് എവിടെപ്പോകാൻ? രാത്രി ഡ്യൂട്ടി തനിക്കായിരുന്നില്ലേ?"
''യേസ് സാർ.... പക്ഷേ ഏത് ബുള്ളറ്റിനെക്കുറിച്ചാണ് സാർ പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല."
ശിരസ്സിൽ ചുറ്റികയ്ക്ക് ഒരടിയേറ്റതുപോലെ തോന്നി ഇഗ്‌നേഷ്യസിന്.
''എടോ ഇന്നലെ നമ്മൾ ആ കാറിൽ നിന്ന് കണ്ടെടുത്ത ബുള്ളറ്റുകൾ." സി.ഐ പല്ലിറുമ്മി.
''ഏത് കാറിൽ നിന്ന്? എനിക്ക് മനസ്സിലാകുന്നില്ല സാർ..."
(തുടരും)