തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകളും തിരകളും കാണാനില്ലെന്ന സി.എ.ജി റിപ്പോർട്ടിനെ ഉയർത്തിക്കാട്ടി നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ബാനറുകളും പ്ളക്കാർഡുകളും ഉയർത്തി പ്രതിഷേധിച്ചു. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കാര്യവിവരങ്ങൾ സഭയിൽ അവതരിപ്പിച്ചു.
തോക്കുകൾ കാണാതായെന്ന കണ്ടെത്തൽ വസ്തുതാവിരുദ്ധമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. തിരകൾ കാണാതായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്, സംഭവത്തിന്റെ ഗൗരവം മനസിലാക്കിതന്നെയാണ് അന്വേഷണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സി.എ.ജി റിപ്പോർട്ട് വരും മുൻപ് വിവരങ്ങൾ ചോർന്നത് നല്ല പ്രവണതയല്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയായി 2015ൽ തന്നെ ബോർഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ആ ബോർഡിന്റെ അഭാവമാണ് സി.എ.ജി ചൂണ്ടിക്കാട്ടിയതെന്നും മുഖ്യമന്ത്രി വിജയൻ വിശദീകരിച്ചു.
വെടിയുണ്ടകൾക്ക് പകരം വ്യാജവെടിയുണ്ട കണക്കിൽ പെടുത്തിയ കേസിൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ടുണ്ട്. 2015ൽ മൂന്നുപേരടങ്ങുന്ന ബോർഡ് തിരകളുടെ എണ്ണത്തിൽ കുറവില്ലെന്ന് അന്ന് സീൽ ചെയ്ത പെട്ടികൾ തുറക്കാതെയാണ് റിപ്പോർട്ട് നൽകിയത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഉണ്ടകൾ കാണാതായത് മറച്ചുവയ്ക്കാനാണ് ഇത് ചെയ്തതെന്നും പിണറായി പറഞ്ഞു. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യത്തിൽ അന്വേഷണത്തിന് സംസ്ഥാനത്തിന്റെതായ സംവിധാനങ്ങൾ ഉണ്ടെന്നും, ആദ്യം ആ അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.