ഡൽഹിയിലെ കലാപബാധിതർക്കായി ഫണ്ട് ശേഖരത്തിനൊരുങ്ങി സി.പി.എം. 'ഹുണ്ടികാ പിരിവ്' എന്ന് പേരിട്ടിരിക്കുന്ന ഫണ്ട് ശേഖരത്തിനായി പാർട്ടി പ്രവർത്തകരും ബന്ധുക്കളുമെല്ലാം രംഗത്തിറങ്ങിണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആഹ്വാനം. മാർച്ച് 7, 8 തീയതികളിൽ ബ്രാഞ്ചടിസ്ഥാനത്തിൽ ഹുണ്ടിക പിരിവ് സംഘടിപ്പിക്കണമെന്നും, വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും കയറി നടത്തുന്ന ഹുണ്ടിക പിരിവിൽ പാർട്ടി നേതാക്കളും പങ്കെടുക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കോടിയേരി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ദില്ലിയിലെ വർഗീയ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാൻ പാർടി ആഹ്വാനം ചെയ്ത ദുരിതാശ്വാസ ഫണ്ട് പ്രവർത്തനം വിജയിപ്പിക്കാൻ പാർടിപ്രവർത്തകരും ബന്ധുക്കളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
മാർച്ച് 7, 8 തീയതികളിൽ ബ്രാഞ്ചടിസ്ഥാനത്തിൽ ഹുണ്ടിക പിരിവ് സംഘടിപ്പിക്കണം. വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും കയറി നടത്തുന്ന ഹുണ്ടിക പിരിവിൽ പാർടി നേതാക്കളും പങ്കെടുക്കണം.
ദില്ലിയിൽ നടന്ന വർഗീയകലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളേയും, വീടുകളും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവരേയും സഹായിക്കുന്നതിന് വേണ്ടിയാണ് പാർടി കേന്ദ്രകമ്മിറ്റി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളത്.
വിവരണാതീതമായ നാശനഷ്ടങ്ങളാണ് കലാപ മേഖലകളിൽ ഉണ്ടായത്. എല്ലാ മതവിഭാഗങ്ങളിലുംപെട്ട തൊഴിലാളികൾക്കും, താഴെതട്ടിലുള്ള ജനവിഭാഗങ്ങൾക്കുമാണ് വലിയ തോതിലുള്ള നഷ്ടങ്ങളുണ്ടായത്. നൂറുക്കണക്കിന് ആളുകൾ വർഗീയ കലാപത്തിന്റെ ഇരകളായി മാറി ദുരിതമനുഭവിയ്ക്കുകയാണ്.
മതനിരപേക്ഷ ചിന്താഗതിക്കാരായ കേരളത്തിലെ ജനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ എന്നും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ദില്ലിയിൽ ദുരിതമനുഭവിയ്ക്കുന്നവരെ സഹായിക്കാൻ എല്ലാ മനുഷ്യ സ്‌നേഹികളും തയ്യാറാകണമെന്നും, മാർച്ച് 7, 8 തീയതികളിൽ സംഘടിപ്പിക്കുന്ന ഫണ്ട് പ്രവർത്തനം വിജയിപ്പിക്കണമെന്നും അഭ്യർത്ഥിയ്ക്കുന്നു'.