പാറശാല: സി.പി.എം ബ്രാഞ്ച് സെക്രട്ടറി യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആറയൂർ ഈന്തിക്കാല വീട്ടിൽ ബെൻസിഗറിന്റെ മകൻ സുബിൻ(25) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. പൊറ്റയിൽക്കട ബ്രാഞ്ച് സെക്രട്ടറി അനിൽ രാജാണ് സുബിനെ ആക്രമിച്ചത്. വാക്കുതർക്കത്തിനിടെ അനിൽ കമ്പിപ്പാര കൊണ്ട് സുബിന്റെ കാൽ തല്ലിയൊടിക്കുകയായിരുന്നു. യുവാവിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
ഇക്കഴിഞ്ഞമാസം 28നാണ് സംഭവം നടന്നത്. അന്ന് രാത്രി പൊറ്റയിൽക്കട ജംഗ്ഷനിൽ ഫോണിൽ സംസാരിച്ചു നിന്ന സുബിനുമായി അനിൽ രാജ് തർക്കത്തിലേർപ്പെടുന്നതും കയ്യിലുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് അടിച്ചുവീഴ്ത്തി കാൽ തല്ലിയൊടിക്കുന്നതുമായുള്ള ദൃശ്യങ്ങളാണു സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞത്. സുബിന്റെ പരാതിയിൽ പൊഴിയൂർ പൊലീസ് അടുത്ത ദിവസം കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല.
മൂന്ന് വർഷം മുൻപ് അനിൽരാജ് ടെലിഫോൺ പോസ്റ്റുകൾ മുറിച്ചു കടത്തിയതു പുറത്തറിയിച്ചതിന്റെ വൈരാഗ്യത്തിലാണു തന്നെ ആക്രമിച്ചതെന്നും കാണുമ്പോഴെല്ലാം അസഭ്യം പറയുമായിരുന്നെന്നും സുബിന്റെ പരാതിയിലുണ്ട്. സുബിൻ ഇപ്പോഴും പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.