ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡ് തൂത്തുവാരി. നേരത്തെ ഏകദിന പരമ്പരയിൽ ന്യൂസിലാൻഡിനോട് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ടെസ്റ്റിലും ഇന്ത്യ പരാജയത്തിന്റെ രുചി അറിയുന്നത്. രണ്ടാം ടെസ്റ്റിൽ 132 റൺസായിരുന്നു ന്യൂസിലാൻഡിന് വിജയ ലക്ഷ്യം. ടെസ്റ്റ് മത്സരം തീരാൻ രണ്ട് ദിവസം ഇനിയും ബാക്കിനിൽക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടക്കത്തിൽ ബ്ലണ്ടലും ലാതമും നേടിയ അർദ്ധസെഞ്ച്വറികളാണ് ന്യൂസിലാൻഡ് വിജയം അനായാസമാക്കിയത്. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലായിരുന്നു രണ്ടാമിന്നിംഗ്സിൽ ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. 124 റൺസിന് ഇന്ത്യ പുറത്തായി. 24 റൺസ് നേടിയ ചേതേശ്വർ പൂജാരയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ.
രണ്ടാമിന്നിംഗ്സിൽ വർദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് കിവീസ് ബാറ്റിംഗ് തുടങ്ങിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങൾ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ രണ്ട് തോൽവികളാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ന്യൂസിലാൻഡുമായി ട്വന്റി 20, ഏകദിനം, ടെസ്റ്റ് എന്നീ പരമ്പരകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ട്വന്റി 20 ഒഴികെ മറ്റ് രണ്ട് ഫോർമാറ്റിലും ഇന്ത്യ കിവീസിന് മുന്നിൽ പരാജയം രുചിക്കുകയായിരുന്നു.