ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴ ചുമത്താനൊരുങ്ങി കേന്ദ്രം. മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. അസാധുവായ പാന്‍ ഓരോതവണ ഉപയോഗിക്കുമ്പോഴുമാണ് ഇത്രയും തുക പിഴനല്‍കേണ്ടിവരിക. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്.
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും പാന്‍ ഉടമ പിഴയടയ്ക്കാന്‍ നിര്‍ബന്ധിതനാകും. ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. ബാങ്കില്‍ 50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താല്‍മതി.
അതേസമയം, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പിഴബാധകമാവില്ല. എന്നാൽ, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാന്‍ പ്രവര്‍ത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ പിഴനല്‍കേണ്ടതുമില്ല.