train

അഹമ്മദാബാദ്: യാത്രക്കാരുടെ സുരക്ഷയ്ക്കായി ഗുജറാത്ത് റെയിൽവേ പൊലീസ് ആരംഭിച്ച 'സുരക്ഷിത് സഫർ '' എന്ന ആപ്ലിക്കേഷനിൽ ഗുരുതര പിഴവ്. ഇന്ത്യൻ ട്രെയിനിന്റെ ചിത്രത്തിന് പകരം പാകിസ്ഥാൻ ട്രെയിനിന്റെ ചിത്രമാണ് ആപ്ലിക്കേഷനിൽ ഉപയോഗിച്ചത്.

'ആപ്ലിക്കേഷന്റെ ഡാഷ്‌ബോർഡിൽ പ്രത്യക്ഷപ്പെട്ട പച്ച നിറമുള്ള റെയിൽവേ എഞ്ചിൻ പാകിസ്ഥാന്റെതാണെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളാണ് ചൂണ്ടിക്കാട്ടിയത്. സംഭവമറിഞ്ഞ ഗുജറാത്ത് റെയിൽവേ പൊലീസ് ഇത് പരിശോധിക്കുകയും, തെറ്റ് തിരിച്ചറിഞ്ഞപ്പോൾ ചിത്രം നീക്കം ചെയ്യുകയും ചെയ്തു.

'അപ്ലിക്കേഷൻ ആകർഷകമാക്കുന്നതിന്റെ ഭാഗമായി അപ്ലിക്കേഷൻ ഡവലപ്പർ കൂടുതൽ ട്രെയിനുകളുടെ ചിത്രങ്ങൾ ഇട്ടിരുന്നു. ഇതിനിടയിലാണ് പാകിസ്ഥാൻ ട്രെയിനിന്റെ ചിത്രം ഉൾപ്പെട്ടത്. സംഭവം അറിഞ്ഞപ്പോൾ അത് നീക്കം ചെയ്യാൻ ഞങ്ങൾ ഡവലപ്പറോട് ആവശ്യപ്പെട്ടു. ഇത് മനപൂർവമല്ലാത്ത പിശകാണ്'- സി.ഐ.ഡി ക്രൈം ആൻഡ് റെയിൽവേ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഗൗതം പർമർ പറഞ്ഞു.

ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ്‌സിംഗ് ജഡേജ ഫെബ്രുവരി 29നാണ് ഈ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തത്. ട്രെയിനിൽ വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ യാത്രക്കാർക്ക് ആപ്ലിക്കേഷൻ വഴി റെയിൽവേ പൊലീസിനെ വിവരം അറിയിക്കാൻ സാധിക്കും.മയക്ക് മരുന്നോ മനുഷ്യക്കടത്ത് പോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ യാത്രക്കാർക്ക് ഇതുവഴി പരാതിപ്പെടുകയും ചെയ്യാം.