"ആരോഗ്യ രംഗത്തെ കുറിച്ചുള്ള ഭാഗങ്ങൾ അടങ്ങിയിട്ടുള്ള സിനിമകൾ സെൻസർ ചെയ്യാൻ സെൻസർ ബോർഡ് മെഡിക്കൽ ഉപദേശക സമിതിയുടെ അഭിപ്രായം തേടുന്നത് അഭികാമ്യം. ഇത്തരമൊരു സ്ഥിരം സംവിധാനം പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്. അത്തരമൊരു സംവിധാനം സിനിമകൾ മൂലമുണ്ടാകുന്ന ആരോഗ്യമേഖലയിലെ തെറ്രിധാരണകൾക്ക് ഒരുപരിധിവരെയെങ്കിലും വിരാമമിടും." ഡോ സുൽഫി നൂഹു ഫേസ് ബുക്കിൽ കുറിച്ചത്.
സിനിമകളിൽ ചിലപ്പോഴൊക്കെ ആരോഗ്യരംഗത്തെ പ്രതിപാദിക്കുന്ന സംഭവങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്നു എന്നാണ് മെഡിക്കൽ ബോർഡിന്റെ വാദം. ഇതിന് പ്രതിവിധിയായി സെൻസർ ബോർഡ് ഇത്തരത്തിലുള്ള സിനിമകൾ സെൻസർ ചെയ്യുമ്പോൾ മെഡിക്കൽ ബോർഡ് ഉപദേശക സമിതിയുടെ അഭിപ്രായം തേടുകയോ സമിതി അംഗങ്ങളെ ബോർഡിൽ ഉൾപ്പടുത്തുകയോ വേണമെന്ന നിർദേശവും നൽകി. ഇത്തരത്തിലുള്ള സിനിമകൾക്ക് ഡോക്ടർ ഉദാഹരണമായി പറയുന്നത് എം. പദ്മകുമാർ സംവിധാനം ചെയ്ത ജോസഫും, അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസുമാണ്.
ആസ്വാദകമികവിൽ ഈ രണ്ട് സിനിമകളും മികച്ച് നിൽക്കുന്നതാണ്, എന്നാൽ ആരോഗ്യ രംഗത്ത് ഇവ നൽകുന്ന സന്ദേശം പൂർണ്ണമായും ഉൾക്കൊള്ളാനാകില്ല. ജീവിച്ചിരിക്കുന്ന രോഗിയെ കൊന്ന് അവയവക്കച്ചവടം നടത്തുന്നവർക്കെതിരെയാണ് ജോസഫ് എന്ന സിനിമ കുന്തമുനയെറിയുന്നത് എന്നാൽ അത് അസാധ്യമാണെന്ന വസ്തുത ആരോഗ്യരംഗത്തെ കുറിച്ച് അറിവില്ലാത്തവർക്കുണ്ടാകണമെന്നില്ല. മതം എങ്ങനെ മനുഷ്യനെ കാർന്നുതിന്നുന്നു എന്ന് കാട്ടുന്ന പരമാർത്ഥമായ സിനിമയാണ് ട്രാൻസ്, പക്ഷെ അവിടെയും വൈദ്യശാസ്ത്രത്തിന്റെ കാര്യത്തിൽ പാളിപ്പോയെന്ന് ഡോ സുൽഫി പറയുന്നു. വരാൻ പോകുന്ന സിനിമയായ 'ഫോറൻസിക്' എന്തൊക്കെയാണ് വൈദ്യശാസ്ത്രരംഗത്തെക്കുറിച്ച് പറയുന്നതെന്ന് കണ്ടറിയണമെന്നും ഡോ സുൽഫി ആഭിപ്രായപ്പെട്ടു.
വൈദ്യശാസ്ത്ര രംഗത്തെക്കുറിച്ച് തെറ്രായ ധാരണ നൽകിക്കൊണ്ട് സിനിമയെ മികച്ചതാക്കാമെന്ന് പലരും കരുതുന്നു, എന്നാൽ ആ ധാരണ ശരിയല്ല. വൈദ്യശസ്ത്രത്തെക്കുറച്ചുള്ള അപഹാസ്യമായ രംഗങ്ങൾ, സന്ദേശങ്ങൾ എന്നിവ ഒഴിവാക്കാനായി ആരോഗ്യവിദഗ്ധർ അടങ്ങിയ സമിതിയുടെ ഉപദേശം സ്വീകരിക്കുന്നതിൽ തെറ്റില്ല. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചലച്ചിത്ര വകുപ്പ് മന്ത്രിക്കും സെൻസർ ബോർഡിനും രേഖാമൂലം അപേക്ഷ നൽകിയിട്ടുണ്ട്. സിനിമകൾ വൻ അബദ്ധങ്ങൾ ഒഴിവാക്കി ഉചിതമായ സന്ദേശം ആസ്വാദകരിലേക്ക് എത്തിക്കുന്നക് നല്ലതായിരിക്കുമെന്നും സുൽഫി നൂഹു വ്യക്തമാക്കി.