തുടർച്ചയായി രണ്ട് ചിത്രങ്ങൾ, രണ്ടും വമ്പൻ ഹിറ്റുകൾ. മലയാള സിനിമയിലെ തന്റെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് സച്ചി. ഡ്രൈവിംഗ് ലൈസൻസിൽ തിരക്കഥ കൈകാര്യം ചെയ്‌തപ്പോൾ തുടർന്നു വന്ന അയ്യപ്പൻ കോശിയിലും തിരക്കഥയ്‌ക്കൊപ്പം സംവിധാനവും മികവുറ്റതാക്കി അദ്ദേഹം. രണ്ടിലും പൃഥ്വിരാജിനെ കൂടെക്കൂട്ടിയപ്പോൾ ഡ്രൈവിംഗ് ലൈസൻസിൽ സുരാജും, അയ്യപ്പനും കോശിയിൽ ബിജു മേനോനും എന്ന വ്യത്യാസം നിലനിന്നു.

sachi-mammootty

ഒരു സൂപ്പർ സ്‌റ്റാറും അയാളുടെ ആരാധകനുമായിരുന്നു ഡ്രൈവിംഗ് ലൈസൻസിലെ കേന്ദ്രകഥാപാത്രങ്ങൾ. സൂപ്പർ സ്‌റ്റാർ ആയത് പഥ്വിരാജും. എന്നാൽ പൃഥ്വിക്ക് മുമ്പ് ആദ്യം തന്റെ മനസിൽ മമ്മൂട്ടിയെ ആയിരുന്നുവെന്ന് സച്ചി പറയുന്നു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം മുമ്പ് വെളിപ്പെടുത്തിയത്. എന്നാൽ എന്തുകൊണ്ട് മമ്മൂട്ടി ചിത്രത്തിൽ നിന്ന് പിന്മാറി എന്ന് തനിക്കറിയില്ല എന്നും താരം കൂട്ടിച്ചേർത്തിരുന്നു. അതിന്റെ ഉത്തരം ഇപ്പോൾ നൽകിയിരിക്കുകയാണ് സച്ചി. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ ആണ് സച്ചി മനസു തുറന്നത്.

'ഡ്രൈവിംഗ് ലൈസൻസിന്റെ തുടക്കത്തിൽ ആലോചിച്ചിരുന്നത് മമ്മൂക്കയെ ആണ്. കാരണം, ഡ്രൈവിംഗ് ക്രേസി ആയിട്ടുള്ള നടൻ, സൂപ്പർ സ്‌റ്റാർ എന്നിങ്ങനെയൊക്കെയുള്ള ഘടകങ്ങളുണ്ടായിരുന്നു. മമ്മൂക്കയ്‌ക്ക് അവസാന ഭാഗത്തുണ്ടായ ചില കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കിയാൽ 100 ശതമാനം ശരിയാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഹരീന്ദ്രൻ എന്ന കഥാപാത്രത്തെ മറന്ന് എല്ലാവരും മമ്മൂക്കയുടെ പിറകെ പോകും. അങ്ങനെ കഥാപാത്രം മുങ്ങി പോവുകയും നടൻ ഉയർന്നു വരികയും ചെയ്യും. അവിടെ മമ്മൂട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ അതിനു വേണ്ടി ഇത്രയും സ്ട്രഗിൾ ചെയ്യുന്നു എന്നുവരുമ്പോൾ പ്രേക്ഷകർക്ക് അത് വിശ്വാസയോഗ്യമാകില്ല. അതുകൊണ്ടാണ് ഇതിനിങ്ങനെ ഒരു കുഴപ്പമുണ്ടെന്ന് മമ്മൂക്ക പറഞ്ഞത്.

മമ്മൂക്കയെ വച്ച് സിനിമ ചെയ്യണമെന്ന് ഉറപ്പായും എനിക്ക് ആഗ്രഹമുണ്ട്. അത്രയധികം നമ്മളെ സ്വാധീനിച്ച നടൻ, അത് മോഹൻലാൽ ആയാലും. അങ്ങനെയുള്ളവരെ വച്ച് ഒരു സിനിമ ചെയ്യുമ്പോൾ അവർ ചെയ്‌ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌മായ ഒന്നുവേണം. അവർ രണ്ടുപേരും ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ലെങ്കിലും വ്യത്യസ്‌തമായ കഥാപരിസരമെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്'.