ramyaharidas

ന്യൂഡൽഹി:ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ലോക‌്സഭയിൽ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സഭയിൽ ബി.ജെ.പി -കോൺഗ്രസ് കയ്യാങ്കളി. കോൺഗ്രസ് പ്രതിഷേധിച്ചപ്പോൾ ബി.ജെ.പി എം.പിമാ‌ർ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് സംഗതി വഷളായത്.

ബി.ജെ.പി എം.പിമാർ തന്നെ കൈയേറ്റം ചെയ്തെന്ന് കോൺഗ്രസ് എം.പി രമ്യ ഹരിദാസ് ആരോപിച്ചു. ബി.ജെ.പി എം.പിമാരായ ജസ്‌കൗൺ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വൽ തന്നെ കൈയേറ്രം ചെയ്തുവെന്നാണ് രാമ്യ ഹരിദാസ് ആരോപിച്ചത്. തന്നെ കൈയേറ്റം ചെയ്തതിനെതിരെ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകാനെത്തിയ രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞത് രംഗങ്ങൾ കൂടുതൽ നാടകീയമാക്കി.

ഉച്ചയ്ക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് നാടകീയരംഗങ്ങൾക്ക് തുടക്കമായത്. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങിയപ്പോൾ ബി.ജെ.പി എം.പിമാരും പ്രതിഷേധിച്ചു. ഇതിനിടെയാണ് സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച രമ്യ ഹരിദാസിനെ ബി.ജെ.പി എം.പിമാർ തടഞ്ഞത്. പ്രതിഷേധത്തെയും കയ്യാങ്കളിയെയും തുടർന്ന് നിർത്തിവച്ച സഭ മൂന്നുമണിക്ക് വീണ്ടും ചേർന്നെങ്കിലും പ്രതിഷേധം തുടർന്നതിനാൽ സഭ വൈകിട്ട് 4.30 വരെ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു.