പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോഴും അപകടങ്ങൾ ഉണ്ടാകുമ്പോഴും സ്തുത്യർഹ സേവനങ്ങൾ നൽകി സർക്കാർ ജീവനക്കാർക്കും കേരളീയ ജനതയ്ക്കും ട്രാൻ. ജീവനക്കാർ മാതൃകയാകാറുണ്ട്. പക്ഷേ അവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാനാകാതെ പെടാപാട് പെടുകയാണ് ഇന്ന്.
മാന്യമായ ശമ്പളം നൽകാതിരിക്കുക, ക്ഷാമബത്ത, ശബള പരിഷ്കരണം എന്നിവ കൊടുക്കാതിരിക്കുക, ലോൺ തുകയും, എൽ.ഐ.സിയും അടയ്ക്കാതിരിക്കുക, ഷെഡ്യൂളുകൾ റദ്ദാക്കി ജോലി നിഷേധിക്കുക, യൂണിഫോം ഷൂ അലവൻസുകളും ശമ്പള കുടിശികയും നൽകാതിരിക്കുക തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് രാപ്പകൽ കഷ്ടപ്പെടുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർ. 2012 ലെ സേവന-വേതന കരാർ പ്രകാരമുള്ള ശമ്പളമാണ് ജീവനക്കാർക്ക് 2020 ലും നൽകുന്നത്. ഒാരോ കാലത്തും നഷ്ടത്തിന്റെ കണക്കുകൾ നിരത്തി ജീവനക്കാരെ അവഗണിക്കുകയാണ്.
ഒാരോ ഡിപ്പോയിലും നിരവധി ഷെഡ്യൂളുകളാണ് പരിഷ്കാരങ്ങളുടെ പേരിൽ റദ്ദാക്കുന്നത്. ഷെഡ്യൂളുകൾ റദ്ദാക്കുന്നതോടെ ജീവനക്കാർക്ക് ജോലിയില്ലാതാകുന്നു. നാലുവർഷമായി യൂണിഫോം അലവൻസോ, ഷൂ അലവൻസോ തൊഴിലാളികൾക്ക് നൽകുന്നില്ല. കേരളത്തിലെ മറ്റ് സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ ശമ്പള പരിഷ്കരണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോഴാണ് ഇവ കെ.എസ്.ആർ.ടി.സികാർക്ക് നിഷേധിക്കുന്നത്.
കോട്ടൂർ ജയചന്ദ്രൻ
പാവപ്പെട്ടവരുടെ
പി.എസ് .സി പരിശീലനം
സർക്കാർ ജോലി നേടണം എന്ന ഉദ്യോഗാർത്ഥികളുടെ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ ദീർഘനാളത്തെ കഠിനപ്രയത്നം ആവശ്യമാണ് . ഭീമമായ തുക ഫീസടച്ച് കോച്ചിംഗിന് പോകാൻ കഴിയാത്തതു കൊണ്ട് പി.എസ്.സി പരീക്ഷകൾക്കു ഉയർന്ന റാങ്ക് നേടാൻ കഴിയാത്തവർ അനേകരാണ് .
സർക്കാർ ഇക്കാര്യം ഗൗരമായി ചിന്തിക്കണം . ഉദ്യോഗാർത്ഥികൾക്കായി എല്ലാ താലൂക്കിലും പഞ്ചായത്ത് തലത്തിലും സർക്കാർ നിയന്ത്രണത്തിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണം .വൈകുന്നേരം സ്കൂൾ പ്രവർത്തനസമയത്തിനു ശേഷം ക്ലാസ് മുറികൾ ഇതിനായി പ്രയോജനപ്പെടുത്താം . ഇത്തരം ക്ലാസുകൾ കൈകാര്യം ചെയ്യാൻ താത്പര്യമുള്ള ജീവനക്കാരുടെ പാനൽ തയ്യാറാക്കി അവർക്ക് പ്രത്യേക പരിശീലനം നൽകണം. സർക്കാർ ജോലി സ്വപ്നം കാണുന്ന നമ്മുടെ നാട്ടിലെ സാധാരണക്കാരായ ഒട്ടേറെ ഉദ്യോഗാർത്ഥികൾക്ക് ഇതൊരു വലിയ അനുഗ്രഹമായിരിക്കും .
സാജൻ സാംസൺ .ആർ
അദ്ധ്യാപകൻ, തിരുവനന്തപുരം