amit-shah

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നെഴുതിയ പോസ്റ്റർ പതിച്ച കേരളത്തിൽ നിന്നുമുള്ള ലോക്സഭാ അംഗമായ ടി.എൻ പ്രതാപന് ശക്തമായ താക്കീത് നൽകി ലോക്സഭാ സ്പീക്കർ ഓം ബിർള. ഡൽഹി കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് ടിഎൻ പ്രതാപൻ പോസ്റ്ററുമായി രംഗത്തെത്തിയത്.

എന്നാൽ ഈ പ്രവർത്തിക്കെതിരെ കോൺഗ്രസ് എം.പിയെ താക്കീത് ചെയ്ത സ്പീക്കർ താൻ അദ്ദേഹത്തിന് നൽകുന്ന അവസാന താക്കീതാണിതെന്നും വ്യക്തമാക്കി. ലോക്സഭയിൽ ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന ആവശ്യമുയർന്നതിനെ തുടന്നുണ്ടായ എം.പിമാരുടെ ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു.

ഡൽഹി കലാപം അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം ലോക്സഭയിലും രാജ്യ സഭയിലും നോട്ടീസുകൾ നൽകിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്ന് രണ്ടു മണി വരെ സഭാ നടപടികൾ നിർത്തിവച്ചിരുന്നു.

എന്നാൽ രണ്ട് മണിക്ക് ശേഷം സഭാ നടപടികൾ പുനഃരാരംഭിച്ചെങ്കിലും വീണ്ടും പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. ലോക്സഭയിൽ ഇക്കാര്യം ചർച്ച ചെയ്യുന്ന നടപടി നീട്ടികൊണ്ടുപോകാനാണ് സ്‌പീക്കർ ഓം ബിർള ശ്രമിച്ചത്.

തുടർന്ന് പ്ലക്കാർഡും ബാനറുകളും ഉയർത്തി പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി, ഹൈബി ഈഡൻ എന്നിവര്‍ ബി.ജെ.പി എംപി സംസാരിച്ച് തുടങ്ങിയപ്പോൾ മുഖം മറയ്ക്കുന്ന രീതിയിൽ ബാനര്‍ പിടിച്ച് ഭരണനിരയ്ക്ക് അടുത്തെത്തിയതോടെ സംഭവം കയ്യാങ്കളിയിലേക്ക് വളരുകയായിരുന്നു.