ഷർട്ട്, ടീഷർട്ട് ബ്രാന്റിംഗ്. കേരളത്തിൽ പ്രൊഫഷണലായി അത്ര ചിരപരിചിതമല്ലാത്ത ഒരു ബിസിനസ് മേഖലയിൽ വെറും രണ്ടര വർഷം കൊണ്ട് തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ച സംരംഭകനാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി കെ.പ്രശാന്ത്. എം.ബി.എ ബിരുദധാരിയായ ഈ യുവാവ് നിനച്ചിരിക്കാതെ ജീവിതത്തിലുണ്ടായ വൻവീഴ്ചകളിൽ നിന്നും തിരിച്ചടികളിൽ നിന്നും കടക്കെണിയിൽ നിന്നും ഒന്നൊന്നായി പാഠമുൾക്കൊണ്ട് വിജയം കൈയെത്തിപ്പിടിച്ച് ഏവർക്കും മാതൃകയായ ഒരു ചെറുപ്പക്കാരന്റെ അനുഭവ കഥയാണ് നമുക്ക് നൽകുന്നത്.
തിരുപ്പൂർ ആസ്ഥാനമാക്കി ന്യൂ ഡിസൈൻ ഇന്റർനാഷണൽ അപ്പാരൽസ് (എൻ.ഡി.ഐ.എ), നന്ദൻസ് ഇന്റർ നാഷണൽ അപ്പാരൽസ് എന്നിങ്ങനെ രണ്ട് കമ്പനികളാണ് പ്രശാന്തിന്റെ കീഴിൽ ടീഷർട്ട് ബ്രാന്റിംഗ് രംഗത്ത് ദക്ഷിണേന്ത്യയിലെ അനിഷേധ്യ സാന്നിദ്ധ്യമായി ഇന്ന് പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രമുഖ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ഫാക്ടറികളും വാഹന മൊബൈൽ ഡീലർമാരും ഹോട്ടൽ കാറ്ററിംഗ് യൂണിറ്റുകളുമെല്ലാമായി 5000ത്തിൽ അധികം ഉപഭോക്താക്കളെ പ്രശാന്തിന് സൃഷ്ടിക്കാനായത് യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല, പ്രതിസന്ധികളോട് പടപൊരുതി ഘട്ടംഘട്ടമായി നേടിയെടുത്ത വിജയത്തിലൂടെയാണ്.
ടീഷർട്ട് ബ്രാന്റിംഗ് എന്നാൽ...
ഓരോരോ കമ്പനികളും അവരുടെ ജീവനക്കാർക്ക് നിശ്ചിത മാതൃകയിലുള്ള യൂണിഫോം ഉപയോഗിക്കുന്നത് കണ്ടിട്ടില്ലേ. ഓഫീസ് സ്റ്റാഫിനും ഫീൽഡ് സ്റ്റാഫിനും ഫാക്ടറി, മെക്കാനിക്കൽ സ്റ്റാഫിനുമെല്ലാം കൃത്യമായ ഒരു യൂണിഫോം കോഡ് ഉപയോഗിക്കുന്നത് സർവ സാധാരണമാണിന്ന്.
മൾട്ടി നാഷണൽ കമ്പനികൾ മുതൽ നാട്ടിൽ സാധാരണ കാറ്ററിംഗ് സർവീസ് നടത്തുന്നവരും ഉത്സവപ്പറമ്പിൽ ശിങ്കാരിമേളവും നാസിക് ഡോളും മറ്റും അവതരിപ്പിക്കുന്നവരും ഫുട്‌ബോൾ ക്രിക്കറ്റ് സിനിമാ ഫാൻസ് അസോസിയേഷനുകൾ വരെ സ്വയം ബ്രാന്റ് ചെയ്യുന്നതിന് ഒരു യൂണിഫോം കോഡ് തിരഞ്ഞെടുക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്ക് ആവശ്യമായ ബഡ്ജറ്റിൽ വലിപ്പത്തിൽ അളവിൽ നൽകുന്ന ഓർഡറനുസരിച്ച് ഷർട്ടിലും ടീഷർട്ടിലും ആവശ്യമായ എംബ്രോയ്ഡറി വർക്കുകളും സ്റ്റിച്ചിംഗുങ്ങളുമെല്ലാം നടത്തി ഉല്പന്നം നൽകുന്ന പ്രൊഫഷണലായൊരു സമീപനമാണ് ടീഷർട്ട് ബ്രാന്റിംഗ് ബിസിനസിലൂടെ പ്രശാന്ത് യാഥാർത്ഥ്യമാക്കിയത്.
സാധാരണ തൊഴിലാളി മുതൽ ഉന്നത തസ്തികളിലുള്ളവർക്ക് വരെ വ്യത്യസ്ത ശ്രേണിയിലുള്ള ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. ഉപഭോക്താവിന്റെ ഏത് റേഞ്ചും പ്രശാന്തിന്റെ കൈയിൽ സുഭദ്രം. പോളിസ്റ്ററിലും കോട്ടണിലും ഷർട്ട് ബ്രാന്റിംഗ് ചെയ്യും. ലുധിയാന, സൂറത്ത് തുടങ്ങിയ ഉത്തരേന്ത്യയിലെ മില്ലുകളിൽ നിന്നും തിരുപ്പൂരിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യമായ തുണികളും മെറ്റീരിയലും ശേഖരിച്ച് ഉപഭോക്താവിന്റെ മനമറിഞ്ഞ് സ്വന്തമായി എംബ്രോയ്ഡറി വർക്കും സ്റ്റിച്ചിംഗുമെല്ലാം പൂർത്തീകരിച്ച് നൽകുകയാണ് ചെയ്യുന്നത്.
മൂന്നുവർഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ടീം ടീഷർട്ട് ബ്രാന്റിംഗ് രംഗത്തെ വേറിട്ട മുഖമായി മാറി. 150 ജീവനക്കാരും നിലവിലുണ്ട്. രാജ്യത്താകമാനം 25ഓളം സബ് ഡീലേഴ്സുണ്ട്. ഗൾഫിലടക്കം ഏഴ് രാജ്യങ്ങളിൽ കമ്പനി സാന്നിദ്ധ്യമുറപ്പിച്ചു.
നോട്ട് നിരോധനവും വൻ വീഴ്ചയും
വർഷങ്ങളോളം കോഴിക്കോട്ടും മലപ്പുറത്തുമുള്ള പ്രമുഖ ഫൂട്ട്‌വെയർ ടെക്െ്രസ്രെൽ നിർമ്മാണ ശാലകളിലെ മാർക്കറ്റിംഗ് സ്റ്റാഫായിരുന്നു പ്രശാന്ത്. ഇതിന് പുറമേ മണ്ണാർക്കാട് രണ്ട്മൂന്ന് ഷോപ്പുകളും നാട്ടുകാരും ബന്ധുക്കളുമടക്കം 250ഓളം അംഗങ്ങളുള്ള സ്വകാര്യ ചിട്ടി ഇടപാടും നടത്തിയിരുന്നു. ഇതിന് പുറമേ ട്രാവലറുകളടക്കം നാലു വാഹനങ്ങൾ ടാക്സിയായും ഓടിച്ചിരുന്നു. എല്ലാം നല്ല സാമ്പത്തിക നേട്ടം നൽകിക്കൊടുത്തു.
ഇതിനിടെ അവിചാരിതമായി 2016 നവംബറിലെ നോട്ട് നിരോധനം ചിട്ടി ഇടപാട് താളം തെറ്റിച്ചു. സാധാരണക്കാരായ പലർക്കും സമയ ബന്ധിതമായി മാസവരി അടയ്ക്കാൻ പറ്റാത്ത സാഹചര്യം കണക്കിലെടുത്ത് രണ്ടുമാസം ചിട്ടി നിറുത്തിയതായി അറിയിപ്പ് നൽകി. ഈ അറിയിപ്പ്, ചിട്ടി പൊളിഞ്ഞെന്ന സന്ദേശം നാട്ടിൽ പരത്താനിടയാക്കി. കണക്കുകൂട്ടലെല്ലാം ക്ഷണവേഗം പിഴച്ചു. സാമ്പത്തിക പ്രതിസന്ധി പന പോലെ വളർന്നു.
ചിട്ടി കിട്ടിയവർ മാസത്തവണ അടയ്ക്കാതെയും തവണകൾ അടച്ചവർ മുടക്കുമുതൽ തിരിച്ചുനൽകാൻ നിർബന്ധിക്കുകയും ചെയ്തതോടെ ജീവിതം ഇരുൾമൂടി. ഒപ്പമുണ്ടാകുമെന്ന് കരുതിയ പലരും കൈവിട്ടു. പ്രതിസന്ധി അതിജീവിക്കാൻ ജീവിതസമ്പാദ്യം ഒന്നൊന്നായി കിട്ടിയ വിലയ്ക്ക് വിറ്റഴിച്ചെങ്കിലും ഭീമമായ കടം തീർക്കാൻ ഒന്നും മതിയായില്ല.
വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ട അവസ്ഥ എന്നൊക്കെ പറയില്ലേ, അതിലും ഭീകരമാണ്. ബിഗ് മൈനസിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയെന്നാണ് പ്രശാന്ത് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. ഭാര്യയും രണ്ട് പിഞ്ചുമക്കളുമടങ്ങുന്ന കുടുംബം ഒപ്പം. തനിക്ക് ഭവിച്ച ഭീമമായ നഷ്ടത്തിന്റെ കൃത്യമായ കണക്ക് ജീവനിൽ പാതിയായ ഭാര്യയോടും ജന്മം നൽകിയ അച്ഛനമ്മമാരോടും പോലും തുറന്നുപറയാൻ കഴിയാതെ ദിവസങ്ങൾ ഉരുകിയുരുകി തള്ളിനീക്കി.
പകൽ പുറത്തിറങ്ങി നടക്കാൻ പോലും വയ്യാത്ത അവസ്ഥ. കാണുന്നവർ കുത്തുവാക്കുകൾ ചൊരിഞ്ഞു. യാഥാർത്ഥ്യമറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചവരോട് എന്ത്, എങ്ങിനെ ബോദ്ധ്യപ്പെടുത്തും. പിരിച്ചെടുത്ത തുകയെല്ലാം വീണ്ടെടുത്ത് നൽകുമെന്ന് ഉറപ്പുനൽകിയത് ഒന്നും രണ്ടുമല്ല, 250ഓളം പേർക്ക്. ഇതെല്ലാം എവിടെ ചെന്നെത്തുമെന്ന ചിന്തയ്ക്കിടെ അതിജീവനത്തിന് എന്ത് തുടങ്ങാമെന്ന ആലോചനയും സജീവമായി.
അപ്രതീക്ഷിത തിരിച്ചുവരവ്
ഒപ്പമുണ്ടാകുമെന്ന് കരുതിയവർ കൈവിട്ട നേരം നിനച്ചിരിക്കാതെ ചിലർ സഹായ ഹസ്തവുമായി കൂടെ നിന്നത് മനസിന് ധൈര്യമായി. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്, കെ.എസ്.എഫ്.ഇ തുടങ്ങിയ ചില സ്ഥാപനങ്ങൾ കടക്കെണിക്കിടെ യാഥാർത്ഥ്യം മനസിലാക്കി അവർക്കാകുന്ന രീതിയിൽ സഹകരിച്ചത് വലിയ ആശ്വാസമായി.
ശിവരാമകൃഷ്ണൻ എന്ന അയൽവാസി യാതൊരു നിബന്ധനയുമില്ലാതെ വീടിന്റെ ആധാരം എടുത്ത് നൽകി ജീവിതം കരുപ്പിടിപ്പിക്കാനുള്ള വഴി നോക്കാൻ ഉപദേശിച്ചത് എന്നും കണ്ണീരുപ്പോടെ മാത്രമേ ഓർക്കാനാകൂ. ഇതോടൊപ്പം നാട്ടുകാരായ സാബു, കരീം, ഷംസു എന്നീ സുഹൃത്തുക്കളും സഹായ ഹസ്തം നീട്ടി. ഇരുട്ടിൽ നിന്നും പ്രത്യാശയിലേക്ക് ഇവരെല്ലാം ചേർന്ന് വഴിവെട്ടിയപ്പോൾ വ്യത്യസ്തമായൊരു ഗാർമെന്റ് ബിസിനസിനെ കുറിച്ച് ആലോചന ഉരുത്തിരിഞ്ഞു.
മാർക്കറ്റിംഗ് രംഗത്തെ പ്രശാന്തിന്റെ മുന്നനുഭവം മാത്രമായിരുന്നു ഇവരുടെ പ്രതീക്ഷ. നാലുപേരും ചേർന്ന് സ്വരൂപിച്ച നാലുലക്ഷം രൂപയുമായി ഒരു കിഡ്സ് ബ്രാന്റ് തുടങ്ങിയെങ്കിലും നഷ്ടത്തെത്തുടർന്ന് രണ്ടുമാസം കൊണ്ട് പദ്ധതി ഉപേക്ഷിക്കുകയും പാർട്ണർഷിപ്പ് പിരിയുകയും ചെയ്തു. മുടക്കുമുതൽ ഇല്ലാതെ എന്ത് ബിസിനസ് തുടങ്ങാമെന്നായി പിന്നെ ചിന്ത. കാരണം, കൈയിൽ ഭക്ഷണത്തിന് പോലും കാശില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്നു.
ഇതിനിടെയാണ് കാറ്ററിംഗ് യൂണിറ്റുകൾക്ക് അവരുടെ ബ്രാന്റ് നെയിമോടെ യൂണിഫോം വിതരണം ചെയ്യുന്നതിലെ സാദ്ധ്യത കണ്ടെത്തിയത്. 50 മുതൽ നൂറും ഇരുനൂറും വരെ യൂണിഫോം ആവശ്യമുള്ള കുറച്ച് സംഘങ്ങളെ കണ്ടെത്തി ടീഷർട്ട് ബ്രാന്റിംഗ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി തിരുപ്പൂരിൽ നിന്ന് വ്യത്യസ്തമായ കുറച്ച് ടീ ഷർട്ടുകൾ എടുത്ത് നാട്ടിലെത്തി.
ആദ്യദിനം പണ്ട് ജോലി ചെയ്ത മലപ്പുറം മഞ്ചേരിയിൽ പോയി രാവിലെ മുതൽ രാത്രി വരെ അലഞ്ഞെങ്കിലും ഒന്നും വിജയിച്ചില്ല. ശ്രമം ഉപേക്ഷിച്ചില്ല. ഒറ്റപ്പാലം, ഷൊർണൂർ കേന്ദ്രീകരിച്ച് നിരവധി കാറ്ററിംഗ് യൂണിറ്റുകളുണ്ടെന്ന അറിവിൽ ഇവരെ തേടി അടുത്ത ദിവസം മണ്ണാർക്കാട് നിന്ന് ബസ് പിടിച്ചു. അമ്പലപ്പാറ എത്തിയപ്പോൾ കെ.പി.എം മലബാർ കാറ്ററിംഗ് എന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ട് അതിൽ കണ്ട നമ്പറിൽ വിളിച്ചു. പോസിറ്റീവ് ആയിരുന്നു മറുപടി. 5000 രൂപ അഡ്വാൻസ് അടക്കം 100 ടീ ഷർട്ടിന് കണ്ണുംപൂട്ടി ഓർഡർ. മജീദിക്ക എന്ന സ്ഥാപനമുടമ നൽകിയ അപ്രതീക്ഷിതമായ ആ ഓർഡറിൽ നിന്നാണ് ന്യൂ ഡിസൈൻ ഇന്റർനാഷണൽ അപ്പാരൽസ് (എൻ.ഡി.ഐ.എ) എന്ന പേരിൽ ഇന്ന് പ്രശസ്തിയിലേക്ക് കുതിച്ച സ്ഥാപനം പിറവിയെടുത്തത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ടീഷർട്ട് ബ്രാന്റിംഗിന്റെ സാദ്ധ്യത ചെറുതല്ലെന്ന് ബോദ്ധ്യമായി. തുടർന്ന് പ്രതിദിനം 100 മുതൽ 300 വരെ സ്ഥാപനങ്ങളെയും ഉടമസ്ഥരെയും കണ്ടെത്തി വിളിച്ചു. അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചത്. കേരളത്തിൽ ടീ ഷർട്ട് ബ്രാന്റിംഗ് പലരും നടത്തുന്നുണ്ടെങ്കിലും വൻസാദ്ധ്യത ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് അന്ന് ബോദ്ധ്യപ്പെട്ടു. കൂടുതൽ പ്രൊഫഷണലായി ഈ രംഗത്തെ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. സൗത്ത് ഇന്ത്യയിലെ ടെക്സ്‌റ്റൈൽ ഹബ്ബായ തിരുപ്പൂർ ആസ്ഥാനമായി ഓഫീസ് ആരംഭിക്കാനുള്ള ശ്രമമായി പിന്നെ.
മുടക്കുമുതൽ പരസ്പര വിശ്വാസം
തിരുപ്പൂരിൽ ഈ രംഗത്ത് ജോലി നോക്കുന്ന കണ്ണൂർ സ്വദേശി മനോജ് ലഭിക്കുന്ന ഓർഡറനുസരിച്ച് ടീഷർട്ടുകൾ നിർമ്മിക്കാൻ സഹായം നൽകി. 2017 മദ്ധ്യത്തിലാണ് ഇത്. ഓർഡർ കൂടിയതോടെ സഹായത്തിന് പണ്ട് മണ്ണാർക്കാട്ടെ ഷോപ്പിൽ നിന്നിരുന്ന അർഷാദിനെ ഒപ്പം കൂട്ടി. 21കാരനായ അർഷാദാണ് ഇന്ന് കമ്പനിയിലെ ഏറ്റവും സീനിയർ. ഇതിനിടെ ടി.ബി പിടിപെട്ട് ചികിത്സയിലായെങ്കിലും ഉപഭോക്താക്കളുമായുള്ള സുതാര്യമായ ബന്ധവും വിരലെണ്ണാവുന്ന സഹജീവനക്കാരുടെ ആത്മാർത്ഥമായ ഇടപെടലും കമ്പനിയെ മുന്നോട്ട് കൊണ്ടുപോയി.
ആ സമയത്താണ് പ്രണവ് മോഹൻലാൽ നായകനായ ആദി സിനിമയുടെ പ്രമോഷൻ വർക്കിന്റെ ഭാഗമായി ടീഷർട്ടുകൾക്ക് ഓർഡർ ലഭിച്ചത്. വെള്ള ടീ ഷർട്ടിൽ ചിത്രം പ്രിന്റ് ചെയ്യാണ് പ്രൊഡക്ട് പുറത്തിറക്കേണ്ടത്. ആദ്യമായാണ് ഇത്തരമൊരു വലിയ ഓർഡർ കമ്പനിയെ തേടിയെത്തുന്നത്. ഇതിന് തിരുപ്പൂർ സ്വദേശി വിജയ് സഹായവുമായി രംഗത്തെത്തിയതോടെ പ്രവർത്തനം ടോപ്പ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്തു.
ആദിയുടെ വർക്ക് സമയ ബന്ധിതമായി ചെയ്തുതീർത്തതോടെ കമ്പനി പ്രശസ്തിയിലേക്കുയന്നു. രാവിലെ എട്ടുമുതൽ അർദ്ധരാത്രി വരെ 18 മണിക്കൂറിലധികം എല്ലാവരും തോളോടുതോൾ ചേർന്ന് അത്വദ്ധ്വാനം. ഓർഡർ എടുക്കുന്നത് മുതൽ പ്രൊഡക്ട് കൊറിയറായി എത്തിക്കുന്നതടക്കം എല്ലാ ഘട്ടത്തിലുള്ള ജോലിയും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ചെയ്തു.
തിരക്കേറിയതോടെ അഞ്ച് മെഷീനുകൾ അഡ്വാൻസ് പോലുമില്ലാതെ ഇറക്കാൻ വിജയ് സഹായിച്ചു. കമ്പനി തുടങ്ങാൻ സ്റ്റിച്ചിംഗ് നടത്തുന്നയാൾ മാസം 5000 രൂപ മാത്രം നൽകിയാൽ മതിയെന്ന നിബന്ധനയോടെ തന്റെ സ്ഥലം വിട്ടുനൽകി. ഇതിനിടെ നാട്ടുകാരനായ രഞ്ജിത്തും സിനോജും സഹായികളായെത്തി.
വളർച്ചയിലേക്ക്... ലാഭത്തിലേക്ക്...
അഞ്ചു മെഷീനും വിരലെണ്ണാവുന്ന സ്റ്റാഫുമായി തുടങ്ങി മാസങ്ങൾക്കകം രണ്ട് കമ്പനിയും 40 മെഷീനുമായി മുന്നോട്ടുള്ള പ്രയാണം തുടർന്നു. ആദ്യം കിഡ്സ് വെയർ സംരംഭത്തിലുണ്ടായിരുന്ന സാബു, കരീം, ഷംസു എന്നിവർ ചേന്ന് മണ്ണാർക്കാട് ഡിസൈൻ എന്ന പേരിൽ ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റ് നടത്തുന്നുണ്ട്. ഇതിലെ ഡിസൈൻ കടമെടുത്താണ് ന്യൂ ഡിസൈൻ ഇന്റർനാഷണൽ അപ്പാരൽസ് എന്ന പേര് തന്റെ കമ്പനിക്ക് പ്രശാന്ത് നൽകിയത്. ലാഭത്തിലേക്ക് ട്രാക്ക് മാറിയതോടെ പല കടങ്ങളും ഘട്ടംഘട്ടമായി കൊടുത്തുതീർക്കാനായി.
അഞ്ച് തലത്തിലുള്ള സൂക്ഷ്മയായ ചെക്കിംഗ് കഴിഞ്ഞ ശേഷമാണ് ഓരോ പ്രൊഡക്ടും ഉപഭോക്താക്കളിലെത്തിക്കുന്നത്. അത്രയും സൂക്ഷ്മതയും ശ്രദ്ധയും പുലർത്തുന്നതിനാൽ പുതുതായി വരുന്ന ഒരോ ഉപഭോക്താവും ആജീവാനന്ത ഉപഭോക്താവായി മാറുന്നതാണ് കമ്പനിയുടെ വിജയശില. ഇന്ന് ന്യൂഡിസൈൻ നൽകുന്ന വിലക്കുറവും ഗുണമേന്മയും വർഷങ്ങളായി ഈ മേഖലയിലുള്ളവർക്ക് പോലും കൊടുക്കാൻ സാധിക്കുന്നില്ലെന്നത് പ്രശാന്തിന്റെ ആത്മസമർപ്പണത്തിന്റെ ഫലം ഒന്നുകൊണ്ടുമാത്രമാണ്.
കഴിഞ്ഞ രണ്ടുപ്രളയ കാലത്തും കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരിട്ടും നിരവധി സന്നദ്ധ സംഘടനകൾ വഴിയും ആയിരക്കണക്കിന് തുണിക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യാനും ഇതിനിടെ സാധിച്ചു. കസ്റ്റംസ് സൂപ്രണ്ടായിരുന്ന മണ്ണാർക്കാട് പോത്തോഴിക്കാവ് കുന്നിയാരത്ത് രാമകൃഷ്ണനാണ് പ്രശാന്തിന്റെ പിതാവ്. അമ്മ: വിജയലക്ഷ്മി. ഭാര്യ: ദീപ. മക്കൾ: പ്രിഥ്വിനന്ദൻ, ദേവനന്ദൻ. സഹോദരൻ: പ്രശോഭ്.