delhi-court-

ന്യൂഡൽഹി∙ നിർഭയകേസ് പ്രതികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവ് വരുന്നത് വരെ നടപ്പാക്കരുതെന്ന് ഡൽഹി വിചാരണകോടതി. പ്രതി പവൻ ഗുപ്തയുടെ ഹർജി പരിഗണിച്ചാണ് മരണവാറന്റ് ഡൽഹി വിചാരണ കോടതി സ്‌റ്റേ ചെയ്തത്. ഇതനുസരിച്ച് നാളെ വധശിക്ഷ ഉണ്ടാകില്ല. ജനുവരി 22-നും ഫെബ്രുവരി 1-നും മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികൾ വീണ്ടും ഹർജി സമർപ്പിച്ചതിനെ തുടർന്നു റദ്ദാക്കിയിരുന്നു.

ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും രാഷ്ട്രപതി അക്കാര്യത്തിൽ തീരുമാനം എടുക്കാനിരിക്കുന്ന സാഹചര്യത്തിൽ നാളെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പവൻ ഗുപ്ത കോടതിയെ സമീപിച്ചത്.

നേരത്തെ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു.

പ്രതികളെ പ്രത്യേകം പ്രത്യേകം തൂക്കിലേറ്റാൻ അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി 5–ന് കേൾക്കാനിരിക്കെയാണ് വധശിക്ഷ വീണ്ടും മാറ്റിയത്.