delhi-crisis

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥൻ അംങ്കിത് ശർമ്മയുടെ കുടംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി സർക്കാർ. കൂടാതെ, കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലിയും നൽകും. ഇത് സംബന്ധിച്ച വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സംഘർഷ മേഖലയായ ചന്ദ്ബാഗിലാണ് 26 കാരനായ അംങ്കിത് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ചന്ദ്ബാഗിലുള്ള അഴുക്കുചാലിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആം ആദ്മി പാർട്ടി നേതാവും കൗൺസിലറുമായ താഹിർ ഹുസൈനാണ് അംങ്കിത്തിനെ കൊലപ്പെടുത്തിയതെന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ അങ്കുറിന്റെ ആരോപണം. ഡ‌ൽഹി പൊലീസ് താഹിറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.