കൊൽക്കത്ത: ഡൽഹി കലാപം സർക്കാർ ഒത്താശയോടെ നടന്ന വംശഹത്യയാണെന്നും ഗുജറാത്ത് മോഡൽ കലാപം രാജ്യത്ത് മുഴുവൻ ആവർത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ." ഡൽഹി പൊലീസ് കേന്ദ്രത്തിന്റെ കീഴിലാണ്. ഡൽഹിയിൽ പൊലീസും സി.ആർ.പി.എഫും സി.ഐ.എസ്.എഫുമുണ്ട്. പക്ഷേ അവർ ഒന്നും ചെയ്തില്ല. കലാപം സർക്കാർ സ്‌പോൺസേഡാണ്." - മമത പറഞ്ഞു. അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാനെത്തിയവർ ഗോലി മാരോ മുദ്രാവാക്യം ഉയർത്തിയതിനെയും മമത വിമർശിച്ചു. മുദ്രാവാക്യം ഉയർത്തിയ ചിലരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ തെരയുകയാണെന്നും മമത കൂട്ടിച്ചേർത്തു.