കൊല്ലം : കൊല്ലം കുടവട്ടൂരിൽ ഏഴു വയസുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച നടന്ന പോസ്റ്റുമോർട്ടത്തിന്റെ വിശദമായ റിപ്പോർട്ട് ഡോക്ടർമാർ പൊലീസിന് കൈമാറി.. മൃതദേഹം കണ്ടെടുക്കുമ്പോൾ കുഞ്ഞിന്റെ ശരീരം ജീർണിച്ചു തുടങ്ങിയിരുന്നു. വയറ്റിൽ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തി. മൃതദേഹം കണ്ടെടുക്കുന്നതിന് 18–20 മണിക്കൂറുകൾക്കിടയ്ക്കാണു മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് വീണ്ടും ശേഖരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം.
വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും കുടവട്ടൂർ നന്ദനത്തിൽ സി.പ്രദീപ് - ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം പള്ളിമൺ ആറ്റിൽ നിന്നു വെള്ളിയാഴ്ച രാവിലെയാണു കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്നു കാണാതായിരുന്നു. ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടർച്ചയായി മൊഴികൾ ശേഖരിക്കുന്നത്. സാഹചര്യത്തെളിവുകളും പരിശോധിക്കുന്നുണ്ട്. അയൽവാസികളുടെ മൊഴികളും എടുക്കുന്നുണ്ട്. കുട്ടിക്ക് ഇത്തരത്തിൽ തനിച്ചു പോകേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് അമ്മയുടെ മൊഴി.
കുട്ടി ആറ്റിലേക്കു നടന്നു പോയതായി കണ്ടവരുമില്ല. അതിനാൽതന്നെ കുട്ടിയെ ആരോ അപായപ്പെടുത്തിയെന്ന സംശയത്തിൽ തന്നെയാണ് അമ്മയും ബന്ധുക്കളും. ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ കുട്ടിയുടെ ശരീരത്ത് മുറിപ്പാടുകളോ ബലപ്രയോഗങ്ങളോ നടന്നതായും കണ്ടെത്താനായില്ല. എങ്കിലും കുട്ടി ഇത്ര ദൂരം സഞ്ചരിച്ച് ആറ്റിൽ പോകേണ്ട സാഹചര്യം എന്താണെന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. നടപ്പാലം കടക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്കു വീണതാകാം മരണ കാരണമെന്നാണു പൊലീസ് നിഗമനം.