സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന വസ്തുത അത്ര രഹസ്യമൊന്നുമല്ല. സിനിമയിൽ അവസരങ്ങളും മികച്ച വേഷങ്ങളും നൽകുന്നതിന് 'കോംപ്രമൈസ്' എന്ന ഓമനപ്പേരിൽ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്ന ചിലർ നടിമാർക്ക് മേൽ നടത്തുന്ന ലൈംഗിക ചൂഷണത്തെയാണ് 'കാസ്റ്റിംഗ് കൗച്ച്' എന്ന് വിളിക്കുന്നത്. ചൂഷണം ചെയ്യപ്പെട്ട നടിമാരിൽ ചിലരൊക്കെ ഇക്കാര്യം മറച്ചുവയ്ക്കാറുണ്ടെങ്കിലും ഈ പ്രവണതയുടെ ഇരകളാകേണ്ടി വന്ന നിരവധി പേർ സധൈര്യം ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
പൊതുവെ താരങ്ങളുടെ പുത്രിമാർക്ക് ഇങ്ങനെയുള്ള ചൂഷണങ്ങൾ നേരിടേണ്ടി വരാറില്ല. താരങ്ങളെ ഭയപ്പെടുന്ന ചൂഷകർ ലൈംഗിക ചൂഷണം നടത്താൻ മുതിരാത്തതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ ഇത്തരത്തിൽ മോശം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് തമിഴ് സിനിമയിലെ 'മസിൽമാൻ' ആയ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ. താരത്തിന്റെ മകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചിലർ തന്റെയടുക്കൽ മോശം ഉദ്ദേശവുമായി എത്തിയിട്ടുണ്ടെന്നാണ് നടി പറയുന്നത്.
നടന്മാരും നിർമാതാക്കളും സംവിധായകരും ഇക്കൂട്ടത്തിലുണ്ടെന്നും വരലക്ഷ്‌മി തുറന്നു പറയുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ചോദ്യം വന്നപ്പോഴാണ് വരലക്ഷ്മി ഇക്കാര്യങ്ങൾ പറഞ്ഞത്. തന്നോട് ലൈംഗിക അഭ്യർത്ഥന നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ തന്റെ കൈവശം ഉണ്ടെന്നും ഇത്തരം അഭ്യർത്ഥനകളോട് താൻ ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ല എന്നാണ് എപ്പോഴും ഉത്തരം നൽകിയിട്ടുള്ളതെന്നും നടി പറയുന്നു.
ഇങ്ങനെയുള്ള അനുഭവങ്ങൾ നേരിട്ട ശേഷം താൻ അഭിനയം നിർത്താൻ തീരുമാനിച്ചതാണെന്നും എന്നാൽ ഇപ്പോൾ തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം പൂർത്തിയാക്കിയതിൽ അഭിമാനം തോന്നുന്നുവെന്നും വരലക്ഷ്‍മി പുഞ്ചിരിയോടെ പറഞ്ഞു. സിനിമയിൽ നിലനിൽക്കുന്ന ഈ മോശം പ്രവണതയെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ പലരും തന്നെ സിനിമാ മേഖലയിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
ചില നടിമാർ കാസ്റ്റിംഗ് കൗച്ചിനോട് അനുകൂലമായാണ് പ്രതികരിക്കുന്നതെന്നും എന്നാൽ പിന്നീട് അവസരം ലഭിക്കാതെ വരുമ്പോൾ അവർ പരാതിയുമായി രംഗത്തെത്തുമെന്നും നടി ചൂണ്ടിക്കാട്ടുന്നു. ഇത്തരം 'ഓഫറുകൾ'നിരസിക്കാൻ ധൈര്യമാണ് വേണ്ടതെന്നും അത് നിരസിച്ചാലും പൊരുതി മുന്നേറാൻ സാധിക്കുമെന്നും വരലക്ഷ്മി പറഞ്ഞു. തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ വരലക്ഷ്മി കാറ്റ്, മാസ്റ്റർപീസ്, കസബ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ്.