iran-

ടെഹ്റാൻ:കൊറോണ ഭീതിയെത്തുടർന്ന് ഇറാനിൽ കുടുങ്ങിക്കിടക്കുന്ന കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ഭക്ഷണം എത്തിച്ചു. ഇന്ത്യൻ കോൺസുലേറ്റാണ് ഇവർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കിയത്.

ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ നാളെ മത്സ്യത്തൊഴിലാളികളെ നേരിട്ട് കാണും. മത്സ്യ തൊഴിലാളികൾക്ക് ഉള്ള ഭക്ഷണം പാക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ പങ്കുവച്ചു. കേരളത്തിൽ നിന്നുള്ള 85 മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇറാനിലെ കിഷ് ദ്വീപിൽ 340 ഇന്ത്യൻ മത്സ്യതൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇന്ത്യക്കാർക്ക് ആർക്കും കൊറോണ ബായില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. ഇവരെ പരിശോധിക്കാനായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചിരുന്നു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെങ്കിൽ ഇവരെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇറാനിലെ അസലൂരിൽ 17 മലയാളികൾ അടക്കം 23 ഇന്ത്യാക്കാരാണ് കുടുങ്ങിയത്. കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.