തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കളക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക് ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിശ്വാസവഞ്ചന, സർക്കാർ ഫണ്ട് ദുർവിനിയോഗം, ഗൂഢാലോചന, അഴിമതി എന്നി കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം ഇയാൾ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിലെ ഹാർഡ്‌ഡിസ്‌ക്കും മറ്റും അന്വേഷണ സംഘം പിടിച്ചെടുത്തു. അയ്യനാട് സഹകരണ ബാങ്കിലും അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിലും വിഷ്ണുപ്രസാദിനെ എത്തിച്ച് തെളിവെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും. ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിൽ നിന്നും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം. അൻവറിന്റെ അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടിൽ ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിൽ നിന്നും വിഷ്ണുപ്രസാദ് തുക കൈമാറുകയായിരുന്നു. അൻവർ പ്രളയ ദുരിതബാധിതനല്ല. 10.54 ലക്ഷം രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. ക്രമക്കേട് കണ്ടെത്തിയ സഹകരണ ബാങ്ക് അധികൃതർ ജില്ലാകളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുകമുഴുവനായും തിരിച്ചുനൽകുകയും ചെയ്തു. അൻവർ ഒളിവിലാണ്. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അൻവറിന്റെ സുഹൃത്ത് മഹേഷിന്റെ പേരിലും അനധികൃതമായി തുക കൈമാറാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മഹേഷും ഒളിവിലാണ്. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അഞ്ച് പേർക്ക് തുക കൈമാറാൻ ശ്രമം നടന്നതായി അന്വേഷണ സംഘത്തിന് സൂചനലഭിച്ചിട്ടുണ്ട്.