തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തർ വ്രതശുദ്ധിയോടെ കാത്തിരിക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് തുടക്കമായതോടെ ഭക്തിയുടെ നിറവിലാണ് നാടും നഗരവും. ഇനിയുള്ള എട്ട് നാളുകളിലും തലസ്ഥാനത്തെ എല്ലാ വഴികളും ആറ്റുകാലിലേക്കുള്ളതാണ്. ആറ്റുകാൽ ക്ഷേത്രപരിസരം മുമ്പില്ലാത്തവിധം ഭക്തജനത്തിരക്കിൽ അമർന്നു കഴിഞ്ഞു.കുത്തിയോട്ട വ്രതാരംഭത്തിന് മൂന്നാം ഉത്സവ ദിനമായ ഇന്ന് രാവിലെ 9ന് തുടക്കമാകും. ഇത്തവണ 830 പേരാണ് കുത്തിയോട്ടത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുത്തിയോട്ടം കാപ്പുകെട്ടി രണ്ടു ദിവസത്തിന് ശേഷമാണ് ആരംഭിക്കുക. 13 വയസിൽ താഴെയുള്ള ആൺകുട്ടികളാണ് പങ്കെടുക്കേണ്ടത്. മഹിഷാസുരനെ വധിച്ച യുദ്ധത്തിൽ ദേവിയുടെ മുറിവേറ്റ ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം. വ്രതം തുടങ്ങിയാൽ ക്ഷേത്രത്തിനുള്ളിൽ തന്നെയാണ് കുട്ടികൾ താമസിക്കേണ്ടത്. ഭക്ഷണക്രമങ്ങളിലുമുണ്ട് ചിട്ട. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് സദ്യ, രാത്രിയിൽ അവിലും പഴവും കരിക്കിൻ വെള്ളവുമായിരിക്കും കഴിക്കുക. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോടുകൂടി ദേവിയുടെ മുൻപിൽ വച്ച് വ്രതക്കാരുടെ വാരിയെല്ലിനു താഴെ ചൂരൽ കുത്തും. അതിനുശേഷം എഴുന്നള്ളത്തിലും അലങ്കാര വിഭൂഷിതരായി വ്രതക്കാർ പങ്കെടുക്കും.
പൊങ്കാലക്കലങ്ങൾ നിരന്നു
ഒൻപതിനാണ് പൊങ്കാല. പൊങ്കാലയർപ്പിക്കുന്നതിനായി ഇപ്പോൾ തന്നെ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിൽ ചോക്ക് കൊണ്ട് വരച്ചും കയർകെട്ടി തിരിച്ചും ഭക്തർ സ്ഥലം പിടിച്ചിട്ടുണ്ട്. പരിചയക്കാരും ബന്ധുക്കളുമടക്കം നിരവധി പേർ ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ എത്തിത്തുടങ്ങി. നഗരത്തിലെ തെരുവീഥികളിൽ പൊങ്കാലക്കലങ്ങൾ വില്പനയ്ക്കായി നിരന്നുകഴിഞ്ഞു. കിഴക്കേകോട്ട, അട്ടക്കുളങ്ങര, ബൈപാസ്, ചാല ബോയ്സ് സ്കൂൾ, ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള വഴികൾ എന്നിവിടങ്ങളിലാണ് കലങ്ങളുടെ വില്പന. 30 മുതൽ 100 രൂപ വരെയുള്ള കലങ്ങൾ വിപണിയിലുണ്ട്. മൺകലങ്ങൾക്ക് പുറമേ സ്റ്രീൽ, അലുമിനീയം കലങ്ങളും വിപണിയിൽ നിരന്നു.കലം, കോടിവസ്ത്രം, പൊങ്കാലക്കൂട്ട് എന്നിവയടങ്ങുന്ന കിറ്റുമുണ്ട്. 350 രൂപ മുതൽ വിലയാരംഭിക്കും. തുണിക്കടകളിലും വ്യവസായ വകുപ്പിന്റെ പ്രദർശനമേളയിലും വ്യത്യസ്ത വിലയിൽ കിറ്റുകൾ ലഭ്യമാണ്.
കലാപരിപാടികൾ
ക്ഷേത്രവളപ്പിലെ അംബ, അംബിക, അംബാലിക ആഡിറ്റോറിയങ്ങളിൽ രാവിലെയും വൈകിട്ടുമായി നിരവധി കലാപരിപാടികളാണ് അരങ്ങേറുന്നത്. അംബ ആഡിറ്റോറിയത്തിൽ ഇന്ന് (3ന്) രാത്രി 9.30ന് പിന്നണി ഗായകൻ നരേഷ് അയ്യർ നയിക്കുന്ന സംഗീതവിരുന്ന്. നാളെ (4ന്) രാത്രി 9.30ന് സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ, 5ന് രാത്രി 8ന് സിനിമാതാരം ശ്രീലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, 9.30ന് ദക്ഷിൺ ബാൻഡിന്റെ ഫ്യൂഷൻ, 6ന് രാത്രി 9.30ന് വയലാർ രാമവർമ സാംസ്കാരിക സമിതിയുടെ ഗാനമേള, 7ന് രാത്രി 10ന് പന്തളം ബാലൻ നയിക്കുന്ന ഗാനമേള, 8ന് രാത്രി 7ന് ഡോ. നീനാ പ്രസാദും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം തുടങ്ങിയവയും അരങ്ങേറും.
തോറ്റംപാട്ടിൽ ഇന്ന്
കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വർണനയാണ് ഇന്ന് തോറ്റംപാട്ടിൽ പാടുന്നത്. ഈ ഭാഗം മാലപ്പുറം പാട്ടെന്നും അറിയപ്പെടുന്നു.
ആറ്റുകാൽ പൊങ്കാല: വ്യവസായ വകുപ്പിന്റെ എക്സ്പോ തുടങ്ങി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് വ്യവസായ വകുപ്പ് ഒരുക്കുന്ന ആറ്റുകാൽ മേള 2020 എന്ന പ്രദർശന വിപണന മേള തുടങ്ങി. പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന മേള ഇന്നലെ വൈകിട്ട് 5ന് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കൈത്തറി, കരകൗശല ഉത്പന്നങ്ങൾ, കളിമൺ പാത്രങ്ങൾ, എം.എസ്.എം.ഇ ഉത്പന്നങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാകും. കരകൗശല വികസന കോർപറേഷൻ, ഹാൻടെക്സ്, ഹാൻവീവ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, ബാംബൂ കോർപറേഷൻ, മൺപാത്ര നിർമ്മാണ തൊഴിലാളി വികസന കോർപറേഷൻ, കൺസ്യൂമർ ഫെഡ്, ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങിയവയുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിലുണ്ട്.
ആകർഷണം പൊങ്കാല കിറ്റ്
പൊങ്കാല കിറ്റാണ് മേളയിലെ ഏറ്റവും വലിയ ആകർഷണം. 1000 രൂപ മുതൽ 1500 രൂപ വരെ വില വരുന്ന കൈത്തറി സാരി, തോർത്ത്, മൺകലവും മൂടിയും, ചിരട്ട ത്തവി, പൊങ്കാലക്കൂട്ട്, തുണിസഞ്ചി എന്നിവ അടങ്ങുന്നതാണ് പൊങ്കാല കിറ്റ്. ആയിരം രൂപയാണ് കിറ്റിന്റെ വില. ആദ്യത്തെ കിറ്റ് സിനിമാതാരം ചിപ്പി ഏറ്റുവാങ്ങി. മേളയിലും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20 കേന്ദ്രങ്ങളിലും പൊങ്കാലക്കിറ്റുകൾ ലഭിക്കും.