തിരുവനന്തപുരം : റെഡ് സോൺ പരിധിയിലുള്ള പാവപ്പെട്ടവർക്ക് എയർപോർട്ട്അതോറിട്ടിയുടെ എൻ.ഒ.സി ലഭിച്ചതോടെ വീടുവയ്ക്കാനുള്ള അനുമതി നഗരസഭ നൽകിത്തുടങ്ങി. നഗരസഭ നൽകിയ ലിസ്റ്റിലുള്ള 32 അപേക്ഷകർക്ക് എൻ.ഒ.സി നൽകുന്ന കാര്യത്തിൽ അതോറിട്ടി തീരുമാനമെടുത്തതോടെയാണ് നഗരസഭ അനുമതി നൽകാൻ തുടങ്ങിയത്. ലിസ്റ്റിൽ ആകെ 34 പേരാണ് ഉണ്ടായിരുന്നതെങ്കിലും രണ്ടു പേരുടെ രേഖകളിൽ അവ്യക്തത കാരണം തിരിച്ചയയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (പി.എം.എ.വൈ) പ്രകാരം വീടുവയ്ക്കാൻ ഇറങ്ങിയ എയർപോർട്ടിന് സമീപത്തെ പാവങ്ങൾക്ക് എൻ.ഒ.സി ലഭിക്കുന്നില്ലെന്ന വാർത്ത സിറ്റികൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഇതു സംബന്ധിച്ച് കുരുക്ക് അഴിഞ്ഞത്.
എൻ.ഒ.സി ലഭ്യമാക്കേണ്ടവരുടെ പട്ടിക കോർപറേഷൻ കൈമാറിയിട്ട് മൂന്നുമാസമായെങ്കിലും എയർപോർട്ട് അധികൃതർ നടപടിയെടുക്കുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ഒന്നര വർഷത്തിലേറെയായി നീണ്ടുനിന്ന നടപടികളാണ് ഇതോടെ അവസാനിച്ചത്. ആദ്യം നഗരസഭയും പിന്നീട് എയർപോർട്ട് അതോറിട്ടിയും ഉഴപ്പിയതോടെയാണ് സാധാരണക്കാരന്റെ വീട് നിർമ്മാണം പ്രതിസന്ധിയിലായത്. സർക്കാർ സഹായത്തോടെ വീടുവയ്ക്കുന്നവർക്ക് എൻ.ഒ.സിക്കുള്ള സർവേ പൂർത്തിയാക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ സർവേയുടെ ചെലവ് നഗരസഭയും എയർപോർട്ട് അതോറിട്ടിയും തുല്യമായി വീതിക്കാൻ തീരുമാനിച്ചിരുന്നു. ഒരു എൻ.ഒ.സിക്കുള്ള സർവേ നടത്തുന്നതിന് 4000 രൂപയാണ് ചെലവ്. ഇത് എയർപോർട്ട് അതോറിട്ടിയും നഗരസഭയും തുല്യമായി വീതിക്കാനും ധാരണയായി. എന്നാൽ നടപടികൾ അനന്തമായി നീണ്ടതോടെ പദ്ധതി ഗുണഭോക്താക്കളുടെ പ്രശ്നം ചൂണ്ടിക്കാട്ടി ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാർ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനെ സമീപിച്ചതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്.
10 വീടുകളുടെ നിർമ്മാണം സാദ്ധ്യമല്ല
എൻ.ഒ.സിക്ക് അപേക്ഷ നൽകിയ 32പേരുടെ കാര്യത്തിൽ തീരുമാനമായെങ്കിലും ഇതിൽ 10പേർക്ക് നിർമ്മാണാനുമതിയില്ല. ആഭ്യന്തര ടെർമിനലിന് സമീപം സുലൈമാൻ സ്ട്രീറ്റിലാണ് നിർമ്മാണത്തിന് അനുമതി ലഭിക്കാത്തത്. കേന്ദ്ര പദ്ധതിയുടെ ഭാഗമായി വീട് നിർമ്മാണം നടത്താനുള്ളതിനാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എയർപോർട്ട് അതോറിട്ടി ഫയൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറുമെന്നാണ് വിവരം. ലിസ്റ്റിൽ ബാക്കിയുള്ള 22പേർക്കുള്ള നിർമ്മാണ അനുമതി നഗരസഭ നൽകി തുടങ്ങി.
ഒക്യുപെൻസി സർവേ ഉടൻ
റെഡ്സോൺ പരിധിയിൽ നിർമ്മാണം പൂർത്തിയായെങ്കിലും എൻ.ഒ.സി ഇല്ലാത്തതിനാൽ ഒക്യുപെൻസി ലഭിക്കാത്ത പദ്ധതി ഗുണഭോക്താക്കളുണ്ട്. ഇവരുടെ കണക്കെടുക്കലാണ് ഇനിയുള്ളത്. ലിസ്റ്റ് തയ്യാറാക്കിയ ശേഷം നഗരസഭയും എയർപോർട്ടും ചേർന്ന് ഈ വീടുകൾക്കും സർവേ നടത്തും. തുടർന്നാണ് എൻ.ഒ.സി ലഭ്യമാക്കുക.