തിരുവനന്തപുരം : കൈതമുക്കിലെ റെയിൽവേ പുറംപോക്കിൽ ഷീറ്റുകൊണ്ട് കെട്ടിമറച്ച കുടിലിൽ താമസിക്കവേ പട്ടിണികാരണം മക്കളെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച അമ്മയ്ക്ക് ഇനി മക്കൾക്കൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാം.
കുടുംബത്തിന് കല്ലടിമുഖത്തെ ഫ്ലാറ്റ് സമുച്ചയത്തിൽ സ്വന്തമായി കിടപ്പാടമൊരുക്കിയാണ് നഗരസഭ വാക്കുപാലിച്ചത്. ഫ്ലാറ്റിന്റെ താക്കോൽ ഇന്നലെ നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ അമ്മയെയും കുഞ്ഞുങ്ങളെയും പൂജപ്പുര മഹിളാമന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
ആറുമക്കളിൽ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും അമ്മയെയും സമൂഹ്യനീതി വകുപ്പിന് കീഴിൽ നെടുമങ്ങാട്ടുള്ള കേന്ദ്രത്തിലേക്ക് മാറ്റി.
ഇതിനിടെ നഗരസഭയിൽ താത്കാലിക ജോലി നൽകിയെങ്കിലും നെടുമങ്ങാട്ടു നിന്നു വന്നുപോകാനുള്ള ബുദ്ധിമുട്ടുകാരണം ജോലിയിൽ പ്രവേശിച്ചിരുന്നില്ല. കല്ലടിമുഖത്ത് താമസമാക്കിയ ശേഷം അവർ ജോലിയിൽ പ്രവേശിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
2019 ഡിസംബർ മൂന്നിനാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക്കിന്റെ ഇടപെടലിനെ തുടർന്നാണ് കുടുംബത്തിന്റെ ദുരിതം ഒഴിഞ്ഞത്. എന്നാൽ ഇതേ വിഷത്തിന്റെ പേരിൽ ദീപക്കിന് കസേരയും തെറിച്ചു.
മദ്യപാനിയായ ഭർത്താവും ആറുമക്കളും അടങ്ങുന്ന കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ശ്രീദേവിയുടെ ദുരവസ്ഥ മനസിലാക്കി നാട്ടുകാരാണ് വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചത്.
വിശപ്പ് സഹിക്കാൻ വയ്യാതെ കുട്ടി മണ്ണുവാരി തിന്നതായി ശിശുക്ഷേമ സമിതിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ മഹിളാമന്ദിരത്തിലേക്ക് മാറ്റിയതിന് പിറ്റേദിവസം അമ്മ മൊഴിമാറ്റി. വിശന്നിട്ടല്ല കുഞ്ഞ് മണ്ണു തിന്നതെന്നായി അവർ. ഇതോടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായിരുന്ന എസ്.പി.ദീപക്ക് പ്രതിക്കൂട്ടിലായി. സംഭവത്തെ കുറിച്ച് അന്വേഷിച്ച ബാലാവകാശ കമ്മിഷനും കുട്ടി മണ്ണുതിന്നിട്ടില്ലെന്ന കണ്ടെത്തൽ നടത്തിയതോടെ ദീപിക്കിന് ജാഗ്രത കുറവുണ്ടായെന്ന ആക്ഷേപം ശക്തമായി. ഇതോടെയാണ് അദ്ദേഹത്തിന് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായത്.