
തിരുവനന്തപുരം: ചാല പൈതൃക തെരുവ് നവീകരണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞെങ്കിലും പുതിയ സ്റ്റാളുകളിൽ നിന്നു തിരിയാൻ സ്ഥലമില്ലെന്ന് കച്ചവടക്കാരുടെ പരാതി. കഴിഞ്ഞ ആഴ്ചയാണ് വിപുലമായ പരിപാടികളോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്.ശിവകുമാർ എം.എൽ.എ, മേയർ കെ.ശ്രീകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറി മാർക്കറ്റിന്റെ നവീകരണമാണ് ആദ്യം പൂർത്തീകരിച്ചത്. ഈ സ്റ്റാളുകൾ പൂർണമായും കച്ചവടത്തിനായി തുറന്നില്ലെങ്കിലും കച്ചവടക്കാർ തങ്ങളുടെ സാധനങ്ങളൊക്കെ ഇവിടെ എത്തിച്ചപ്പോഴാണ് സ്ഥലപരിമിതി വെല്ലുവിളിയാകുമെന്ന് മനസിലാക്കിയത്. നവീകരണമെല്ലാം ഉഷാറായിട്ടുണ്ടെങ്കിലും സ്ഥലപരിമിതി ബുദ്ധിമുട്ടാവുകയാണെന്നാണ് ആക്ഷേപം. മെച്ചപ്പെട്ട സൗകര്യങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു നവീകരണമെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നാണ് വിൽപ്പനക്കാരുടെ പരാതി. അധികൃതരെത്തി സ്റ്റാളുകളിൽ സാധനങ്ങൾ വച്ച് പരിശോധിച്ചാൽ തങ്ങളുടെ ബുദ്ധിമുട്ട് മനസിലാകുമെന്നും അവർ പറയുന്നു. തെരുവിൽ വെയിലും മഴയുമേറ്റ് കച്ചവടം ചെയ്യുന്നവർക്ക് സുരക്ഷിതമായി സ്റ്റാളുകളിൽ ഇരുന്നുള്ള കച്ചവടത്തിനും റോഡുകൾ കെെയടക്കിയുള്ള കച്ചവടം അവസാനിപ്പിക്കാനുമായിരുന്നു പദ്ധതി. ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും തടസമില്ലാതെ ചാല കമ്പോളത്തിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് സൗകര്യമൊരുക്കിയാണ് നവീകരണമെന്നാണ് അധികൃതർ പറയുന്നത്. ട്രിഡയ്ക്ക് വേണ്ടി മാർക്കറ്റ് രൂപകല്പന ചെയ്തത് ഡോ.ജി.ശങ്കറാണ്.
കച്ചവടത്തിന് 150 പേർ മാത്രം, നിർമ്മിച്ചത് 233 സ്റ്റാളുകൾ
തറയോടു പാകി ഫാനുകളും ലൈറ്റുകളും സജ്ജീകരിച്ച് 233 സ്റ്റാളുകൾ നിർമ്മിച്ചതിനൊപ്പം 25 പഴയ കടകളും ഇവിടെ നവീകരിച്ചു. എന്നാൽ ഇവിടത്തെ പഴം, പച്ചക്കറി കമ്പോളത്തിൽ മൊത്തക്കച്ചവടവും ചെറു കച്ചവടങ്ങളുമായി ആകെ 150 ഓളം പേർ മാത്രമേയുള്ളൂവെന്നും ഇവർക്കായി 233 സ്റ്റാളുകൾ പണിത് സ്ഥലം പാഴാക്കിയെന്നുമാണ് വിൽപ്പനക്കാരുടെ ആരോപണം. വെറുതേ കണക്കെടുത്ത് പോയതല്ലാതെ കൃത്യമായ ആവശ്യങ്ങൾ ചോദിച്ചില്ലെന്ന് കച്ചവടക്കാർ പറയുന്നു. സ്റ്റാളുകളിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ സാധനം വാങ്ങാനെത്തുന്നവർക്ക് യാത്ര ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
പുതുതായി നിർമ്മിച്ച സ്റ്റാളുകളിൽ ചാക്കുകളും പെട്ടികളും വച്ചുള്ള കച്ചവടത്തിന് സ്ഥലം തികയില്ല. ഒരു വ്യാപാരിയുടെ കൈയിൽ കുറഞ്ഞത് 5 ചാക്കുകളെങ്കിലും കാണും. ഇതു വയ്ക്കുമ്പോൾ തന്നെ സ്റ്റാൾ മുഴുവൻ നിറയും, പിന്നെ എങ്ങനെ അവിടെയിരുന്ന് കച്ചവടം നടത്തും. സ്റ്റാളുകൾക്കിടയിലെ ഇടുങ്ങിയ വഴിയിലൂടെ ഒരേസമയം രണ്ടുപേർക്ക് നടക്കാനാവില്ല. ഇൗ മാസം 11 മുതൽ ഇവിടെ തുറന്നു കൊടുക്കുമെന്നാണ് പറയുന്നത്. എന്നാൽ ഇവിടെ ഇരുന്നുള്ള കച്ചവടം നടക്കില്ല. ബന്ധപ്പെട്ടവർ ഉടൻതന്നെ പരിഹാരം കാണണം.
മാഹിൻ,
പഴം - പച്ചക്കറി മൊത്ത കച്ചവടക്കാരൻ
നിലവിൽ ഗതാഗതക്കുരുക്കും തെരുവ് കൈയേറിയുള്ള കച്ചവടവും കാരണം കാൽനടയാത്ര പോലും ബുദ്ധിമുട്ടായ അവസ്ഥയിലാണ് ചാല. ചാലയിലെ വ്യാപാരസ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ പൈതൃകത്തെരുവ് പദ്ധതി പൂർണമായും യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും. ഷോപ്പിംഗ് മാളുകളുടെയും മറ്റും വരവോടെ സ്വാഭാവിക മരണത്തിലേക്ക് നീങ്ങുന്ന ചാല തെരുവിന് പുനർജീവൻ നൽകുന്നതാണ് പദ്ധതി. കച്ചവടക്കാരുമായി സംസാരിച്ചാണ് പൈതൃക മാർക്കറ്റ് രൂപകല്പന ചെയ്തത്.
- സന്തോഷ് ലാൽ, ഡെപ്യൂട്ടി ഡയറക്ടർ,
വിനോദസഞ്ചാര വകുപ്പ്