പ്രശസ്ത നടനും രാഷ്ട്രീയപ്രവർത്തകനുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും പല നിർമ്മാതാക്കളും സിനിമയിലെ മറ്റുചില പ്രമുഖരും തെറ്റായ ഉദ്ദേശത്തോടെ തന്നെ സമീപിച്ചുവെന്ന് വരലക്ഷ്മി.
അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വരലക്ഷ്മി മനസ് തുറന്നത്. 'സ്ത്രീകൾ വേട്ടക്കാരെ തുറന്നുകാട്ടണം" എന്ന് വരലക്ഷ്മി പറഞ്ഞു. അത്തരം സംഭവങ്ങൾ തുറന്നു പറഞ്ഞാൽ അവസരങ്ങൾ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് അതൊരു തിരഞ്ഞെടുപ്പാണ്. സമാനമായ ഒരു സാഹചര്യമാണ് ഞാൻ നേരിട്ടത്, പക്ഷേ ഞാൻ അത് തുറന്നുകാട്ടി. ഈ പ്രശ്നങ്ങളെല്ലാം ഞാൻ നേരിട്ടു, ഞാൻ നോ പറയാൻ പഠിച്ചു.
ഒരു താരപുത്രി ആയിരുന്നിട്ടും ഞാനിത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.അത്തരം സിനിമകൾ ആവശ്യമില്ലെന്ന് ഞാൻ തീരുമാനിച്ചത് അപ്പോഴാണ്. വേണ്ട എന്ന് പറയാൻ ഞാൻ പഠിച്ചു. അതിന് സമയമെടുത്തു. അത് ബുദ്ധിമുട്ടായിരുന്നു. കാസ്റ്റിംഗ് കൗച്ചിനോട് നോ പറഞ്ഞതിനാൽ പലരും എന്നെ വിലക്കി. പക്ഷേ, ഇന്ന് ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കുന്നു. 25 സിനിമകൾ ഞാൻ പൂർത്തിയാക്കി. 25 നിർമ്മാതാക്കൾ, നല്ല സംവിധായകർ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു. എന്റെ ജോലി തുടരുകയാണ്. അതിനാൽ ഞാൻ സന്തോഷവതിയാണ് - വരലക്ഷ്മിയുടെ വാക്കുകൾ.