രക്ഷിതാക്കളുടെ പ്രായോഗിക ഇടപെടലുകളും പിന്തുണയും കുട്ടികളെ സമ്മർദ്ദങ്ങളിൽ നിന്നും ആത്മഹത്യാ പ്രവണതയിൽ നിന്നും രക്ഷിക്കും. കുട്ടികളിലെ അകാരണമായ ഭയം, നിരാശ, ഉത്കണ്ഠ, ആകാംക്ഷ, ഉറക്കമില്ലായ്മ, ഒറ്റയ്ക്കിരിക്കൽ, ഉറക്കത്തിൽ നിലവിളിക്കൽ, ദൈനംദിന കാര്യങ്ങളിൽ അശ്രദ്ധ, കുളിമുറിയിൽ അധികസമയം ചെലവിടൽ, മുറി പൂട്ടിയിരിക്കൽ, ശുചിത്വത്തിൽ അശ്രദ്ധ എന്നീ ലക്ഷണങ്ങൾ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളുമായി സമയം ചെലവിടുക, എന്തും തുറന്നുപറയാനുള്ള സാഹചര്യം സൃഷ്ടിക്കുക, കെണികളെക്കുറിച്ചും തെറ്റായ സൗഹൃദങ്ങളെക്കുറിച്ചും ലഹരി കുരുക്കുകളെക്കുറിച്ചും കൃത്യമായ അറിവ് പകരുക. എന്തും എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്.
അനാവശ്യ ശാഠ്യങ്ങൾക്ക് മുന്നിൽ നോ പറയുക. പെരുമാറ്റ വൈകല്യങ്ങൾ, അക്രമവാസനകൾ എന്നിവ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി വിദഗ്ധ ഡോക്ടറെ സമീപിക്കുക. അമിതമായും കാര്യമറിയാതെയും ശകാരിക്കരുത്. മറ്രുള്ളവരുമായി താരതമ്യപ്പെടുത്തുക, പരിഹസിക്കുക എന്നിവയും പാടില്ല. പരീക്ഷാസമയത്ത് പ്രത്യേക ശ്രദ്ധയും പിന്തുണയും നൽകി പിരുമുറക്കത്തിൽ നിന്ന് മോചിപ്പിക്കുക.