corona-virus

വാഷിംഗ്ടൺ: അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. വാഷിംഗണിലാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കൊറോണ ബാധിച്ച് ആറ് പേർ മരിച്ച സാഹചര്യത്തിൽ അമേരിക്ക പ്രതിരോധ നടപടികൾ ശക്തമാക്കി. വാഷിംഗ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അമേരിക്കയിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിരോധനടപടികൾ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്‌സികോ അതിർത്തികൾ അടയ്ക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് അറിയിച്ചു.

അതേസമയം,​ 64 രാജ്യങ്ങളിൽ ഇതിനോടകം കൊറോണ വ്യാപിച്ചു. മരണ സംഖ്യ മൂവായിരത്തിലെത്തി. 85,​000ത്തിൽപ്പരം പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ ആഗോളതലത്തിൽ പടരുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും വിദേശയാത്ര വിലക്കിയിരിക്കുകയാണ്. വൈറസ് ബാധിത മേഖലകളിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് മിക്ക രാജ്യങ്ങളും അറിയിച്ചു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഇറാനുമായുള്ള അതിർത്തി അയൽ രാജ്യങ്ങൾ അടച്ചു. യാത്ര നിരോധനവുണ്ട്. വിദേശ യാത്ര നടത്തരുതെന്ന് റഷ്യ പൗരന്മാർക്ക് നിർദ്ദേശം നൽകി. തുർക്കി ഇറാക്കിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി.