modi-kejriwal

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യും. ആംആദ്മി പാർട്ടി (എ.എ.പി) അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഇരു നേതാക്കളും തമ്മിൽ മുഖാമുഖം കാണുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ 40 ഓളം പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു.

കഴിഞ്ഞ മാസമായിരുന്നു കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ പങ്കെടുക്കാൻ കേജ്‌രിവാൾ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തന്റെ പാർലമെന്ററി മണ്ഡലമായ വാരണാസിയിലായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം കേജ്‌രിവാൾ ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചിരുന്നു. ഡൽഹിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തെന്നും,​ ഡൽഹി വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു.