പയ്യന്നൂർ: അവസാനമായി ബന്ധുക്കൾക്ക് ശരിക്കൊന്ന് കാണാനോ, ആന്ത്യചുംബനം നൽകാനുമാകാതെ ജൈനേഷ് യാത്രയായി. കണ്ണിനുമാത്രം പ്രാപ്തമായ ദൂരത്തുനിന്നാണ് അമ്മയും സഹോദരങ്ങളുമടക്കമുള്ളവർ കണ്ണീർതൂകി ജൈനേഷിനു യാത്രാമൊഴി അർപ്പിച്ചത്. കൊറോണ വൈറസ് ബാധയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന് (36) കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചില്ലെങ്കിലും, മരണകാരണം വ്യക്തമല്ലാത്തതിനാൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് മൃതദേഹം പൊതുദർശനത്തിനു വച്ചതും സംസ്കരിച്ചതും.
10 വെള്ളതുണിയിലും മൂന്ന് പ്ളാസ്റ്റിക്ക് ബാഗുകളിലും പൊതിഞ്ഞ് ജൈനേഷിന്റെ വീട്ടിലെത്തിച്ച മൃതദേഹം 10 മിനിട്ട് മാത്രമേ വീട്ടിൽ വച്ചിരുന്നുള്ളു. മൃതദേഹത്തിനടുത്തേക്ക് വരാനോ സ്പർശിക്കാനോ അടുത്ത ബന്ധുക്കളെപ്പോലും അനുവദിച്ചില്ല. പ്ളാസ്റ്റിക്ക് ബാഗ് നീക്കി മുഖം മാത്രമാണ് പുറത്തുകാണിച്ചത്. മൃതദേഹം വച്ച മേശയിൽ നിന്ന് 2 മീറ്റർ അകലത്തിൽ കസേരകൾ നിരത്തി അതിന് വെളിയിലൂടെയാണ് ആളുകൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരം നൽകിയത്.
നാട്ടുകാരായ ആറുപേരാണ് അതീവസുരക്ഷ ഉറപ്പുവരുത്തുന്ന വസ്ത്രങ്ങളും ഉപകരണങ്ങളും ധരിച്ച് സംസ്കാരചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വീടിന് സമീപത്തെ സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. സംസ്കാരം നടന്ന ശേഷം കൂടെയുണ്ടായിരുന്നവരുടെ വസ്ത്രങ്ങളും ഉപകരണങ്ങളും ശ്മശാനത്തിൽ വച്ച് തന്നെ തീയിട്ട് നശിപ്പിച്ചു. കേരളം ആരോഗ്യ രംഗത്ത് നേരിട്ട വലിയ വെല്ലുവിളിയായ നിപ്പ വൈറസ് വ്യാപിച്ച നാളുകളെ ഓർമിപ്പിക്കുന്നതായിരുന്നു സംസ്കാരസ്ഥലത്തെ കാഴ്ചകൾ.
മലേഷ്യയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28ന് പുലർച്ചെയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ ഐസൊലേറ്റഡ് വെന്റിലേറ്ററിൽ കഴിയുന്നതിനിടെയിരുന്നു മരണം.