കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആതിഥ്യ മര്യാദകളിൽ ഇന്ത്യൻ ശീലങ്ങൾ മാതൃകയാക്കി ലോക രാജ്യങ്ങൾ. ഷേക്ക് ഹാൻഡിനോടും കെട്ടിപ്പിടുത്തത്തിനോടും താൽക്കാലികമായി വിട പറഞ്ഞ് ജോലി സ്ഥലങ്ങളിലും മറ്റും നമസ്തെ മാതൃകയിൽ കൈകൂപ്പി ആളുകളോട് സംവദിക്കാനാണ് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനം.
കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഷേക്ക്ഹാൻഡ് നൽകുമ്പോഴും, കെട്ടിപ്പിടിക്കുമ്പോഴുമൊക്കെ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. മൂവായിരത്തോളം പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. 80,000കൂടുതലാളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗം നിയന്ത്രണവിധേയമാക്കാൻ ഇതുവരെ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ലോക രാജ്യങ്ങൾ.
കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ അഭിവാദ്യത്തിന്റെ അടയാളമായി ഷേക്ക് ഹാൻഡ് കൊടുക്കരുതെന്നും, പകരം കൈകൂപ്പി നമസ്കാരം പറയണമെന്നും ആരോഗ്യപ്രവർത്തകർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കവിളിൽ ചുംബനം നൽകിയുള്ള സംവദിക്കൽ ഒഴിവാക്കാണമെന്ന നിർദേശങ്ങളാണ് ഫ്രാൻസിലെ പത്രങ്ങൾ നിറയെ ഇപ്പോൾ. ബ്രസീലും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങളും ജനങ്ങൾക്ക് സമാന നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ആരാധനാലയങ്ങളിലും ജോലി സ്ഥലങ്ങളിലുമൊക്കെ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശങ്ങളും നൽകിയിട്ടുണ്ട്.