കൊച്ചി: ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്ന് പെട്രോൾ, ഡീസൽ വില ഇന്നലെ എട്ടുമാസത്തെ കുറഞ്ഞ നിരക്കിലെത്തി. പെട്രോൾ വില ലിറ്രറിന് 74.89 രൂപയും ഡീസലിന് 69.02 രൂപയുമാണ് ഇന്നലെ (തിരുവനന്തപുരം) വില. ഒരാഴ്‌ചയ്ക്കിടെ പെട്രോളിന് കുറഞ്ഞത് 56 പൈസയാണ്; ഡീസലിന് 69 പൈസയും. ഇന്നലെ മാത്രം പെട്രോളിന് അഞ്ചുപൈസയും ഡീസലിന് ഏഴു പൈസയും താഴ്‌ന്നു. ഡീസൽ വില കുറയുന്നത് തുടർച്ചയായ അഞ്ചാംദിവസമാണ്.
കഴിഞ്ഞവാരം ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതാണ് ഇന്ത്യയിൽ ഇന്ധനവിലയെ താഴേക്ക് നയിച്ചത്. കൊറോണ വൈറസ്, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്‌ത്തിയതും ഇതോടെ, ഇന്ധന ഡിമാൻഡ് വൻതോതിൽ കുറഞ്ഞതുമാണ് വിലക്കുറവിന് കാരണം. ന്യൂഡൽഹിയിൽ പെട്രോളിന് 71.49 രൂപയും ഡീസലിന് 64.03 രൂപയുമായിരുന്നു ഇന്നലെ വില.
ഡീസലിന്റേത് ഒമ്പതുമാസത്തെ താഴ്‌ന്ന വിലയാണ്. സാമ്പത്തിക ഞെരുക്കം മൂലം ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് സമ്മിശ്രമാണ്. നടപ്പുവർഷം (2019-20) പെട്രോളിന് ഒമ്പത് ശതമാനവും ഡീസലിന് 0.9 ശതമാനവും ഉപഭോഗ വർദ്ധന പ്രതീക്ഷിക്കുന്നു. അടുത്തവർഷം (2020-21) പെട്രോൾ ഉപഭോഗ വർദ്ധന 8.4 ശതമാനത്തിലേക്ക് താഴും. ഡീസൽ ഉപഭോഗം 2.8 ശതമാനം വർദ്ധിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രതീക്ഷിക്കുന്നു.
വിലക്കുറവിന്റെ പാത
(ബ്രെന്റ് ക്രൂഡ് വില ബാരലിന് കഴിഞ്ഞ 6 മാസത്തിനിടെ)
വില കൂട്ടാൻ നടപടി
ക്രൂഡോയിൽ ഉത്‌പാദനം വെട്ടിക്കുറിച്ച്, വില കൂട്ടാനുള്ള ആലോചന ഒപെക് രാഷ്‌ട്രങ്ങൾക്കുണ്ട്. മാർച്ച് 5, 6 തീയതികളിൽ ഒപെക് യോഗം വിയന്നയിൽ ചേരും. നിലവിൽ ഈമാസത്തെ ഉത്‌പാദനത്തിൽ പ്രതിദിനം 17 ലക്ഷം ബാരൽ കുറച്ചിട്ടുണ്ട്. വെട്ടിക്കുറയ്ക്കൽ നടപടി കൂടുതൽ മാസത്തേക്ക് നീട്ടിയേക്കും.
ഒപെക് രാഷ്‌ട്രങ്ങൾ ഉത്‌പാദനം കൂടുതൽ വെട്ടിക്കുറച്ചേക്കുമെന്ന സൂചനമൂലം ക്രൂഡോയിൽ വില (ബ്രെന്റ്) ഇന്നലെ ബാരലിന് 1.85% വർദ്ധനയുമായി 52.86 ഡോളറിലെത്തി. ഇന്ത്യയിൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. ഇത്, വരും ദിനങ്ങളിൽ പെട്രോൾ, ഡീസൽ വില കൂടാനിടയാക്കും.