railway-tiket

തിരുവനന്തപുരം: ട്രെയിൻ ടിക്കറ്റിനായി ഇനി മുതൽ തിക്കിത്തിരക്കി ക്യൂവിൽ നിന്ന് കഷ്ടപ്പെടേണ്ട. റെയിൽവേ സ്റ്റേഷനിൽ പതിപ്പിച്ചിരിക്കുന്ന ക്യു ആർ കോഡിൽ സ്കാൻ ചെയ്താൽ മതി,​ ടിക്കറ്റ് റെഡി. ബുക്ക് ചെയ്യാതെ യാത്ര ചെയ്യുന്നവർക്ക് എളുപ്പത്തിൽ ടിക്കറ്റ് ലഭിക്കാനായി സതേൺ റെയിൽവേയാണ് യു.ടി.എസ് (അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) മൊബെെൽ ആപ്പ് വഴി ക്യു ആർ (ക്യുക്ക് റെസ്‌പോൺസ്) കോഡ് ടിക്ക​റ്റിംഗ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി എല്ലാ സ്​റ്റേഷനുകൾക്കും ക്യു ആർ കോഡുകൾ തയാറാക്കും. റെയിൽവേ സ്​റ്റേഷനിൽ നിന്ന് ഒരു കിലോമീ​റ്റർ ചു​റ്റളവിൽ നിന്നും ടിക്ക​റ്റ് ബുക്ക് ചെയ്യാനാവും.

2019 ലാണ് യാത്രക്കാർക്ക് റിസർവ് ചെയ്യാതെ ടിക്കറ്റ് എടുക്കാൻ വേണ്ടി റെയിൽവേ യു.ടി.എസ് മൊബെെൽ ആപ്പ് പുറത്തിറക്കിയത്. ആപ്പിൽ ഉപയോഗിച്ചിരിക്കുന്ന ജി. പി. എസ് സംവിധാനം വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭിച്ചിരുന്നു. ട്രാക്കിൽ നിന്നും സ്റ്റേഷൻ പരിസരത്ത് നിന്നും 25 മീറ്റർ മാറിയതിന് ശേഷമേ ഈ സൗകര്യം ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇതുപ്രകാരം പ്ലാറ്റ്ഫോമിൽ നിന്ന് ടിക്കറ്റ് എടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ക്യുആർ കോഡ് ടിക്ക​റ്റിംഗ് സംവിധാനം വരുന്നതോടെ ഈ പരിമിതി മാറിക്കിട്ടും. അപ്പ് തുറന്ന് സ്റ്റേഷനിലെ ക്യുആർ കോഡിൽ സ്കാൻ ചെയ്താൽ മാത്രം മതി. ടിക്കറ്റുകൾ ലഭിക്കും. ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള 105 സ്റ്റേഷനുകളിലും ക്യുആർ കോഡ് സംവിധാനം പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.