thomas-isaax

തിരുവനന്തപുരം: കൊറോണ വൈറസ് കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയ്ക്ക് വില്ലനാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊറോണ മൂലം കയറ്റുമതി നിലയ്ക്കാനും, നിരവധിപേർക്ക് ജോലി നഷ്ടപ്പെടാനും സാദ്ധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രോഗഭീതിമൂലം സംസ്ഥാനത്തേക്കുള്ള വിദേശികളുടെ വരവ് കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

രോഗത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ തീർത്ഥാടകർക്ക് നിയന്ത്രണംവച്ചിട്ടുണ്ട്. ഇത് അവരുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അതേപോലെ സംസ്ഥാനത്തേക്കുള്ള വിദേശിയരുടെ വരവിൽ കുറവ് ഉണ്ടാകുന്നതോടെ അത് നമ്മുടെ സംസ്ഥാനത്തെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇലക്ട്രിക്കല്‍ മേഖലകളിലേക്കുള്ള അസംസ്കൃത വസ്‌തുക്കളെല്ലാം ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയില്‍ കൊറോണ വൈറസ് പടർന്നതോടെ ഈ മേഖലകളെ സാരമായി ബാധിച്ചുവെന്നും ഒരു മാദ്ധ്യമത്തിലെ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.