kala-mohan

അവിഹിത ബന്ധം പ്രമേയമാക്കിക്കൊണ്ടുള്ള നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. സമൂഹത്തിന്റെ ഇന്നത്തെയും എന്നത്തേയും ഒളിച്ചിരിക്കുന്ന കാടൻ മനഃശാസ്ത്രം തന്നെയാണ് ഈ ചിത്രങ്ങളിലൂടെ വരച്ചു കാട്ടുന്നതെന്ന് അഭിപ്രായപ്പെട്ടുകൊണ്ടുള്ള കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഭാര്യയുടെ അവിഹിതം ഭർത്താവ് കണ്ടെത്തുമ്പോൾ സമൂഹം പ്രതികരിക്കുന്ന രീതിയും,​ നേരെ തിരിച്ച് സംഭവിക്കുമ്പോൾ പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണെന്ന് കല മോഹൻ കുറിപ്പിലൂടെ പറയുന്നു. അത്തരം സന്ദർഭങ്ങളിൽ ഭാര്യ ആത്മഹത്യ ചെയ്യുന്നതായിട്ടാണ് മിക്ക സിനിമകളുടെയും ക്ലൈമാക്‌സിലുമുള്ളത്. ക്ളീഷേ ക്ലൈമാക്സ് ഒന്ന് മാറ്റി പിടിക്കണം എന്ന് കല മോഹൻ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അവിഹിത ബന്ധം പ്രമേയം ആയ സിനിമകൾ സത്യത്തിൽ സമൂഹത്തിന്റെ ഇന്നത്തെയും എന്നത്തേയും ഒളിച്ചിരിക്കുന്ന കാടൻ മനഃശാസ്ത്രം തന്നെയാണ് വരച്ചു കാട്ടുന്നത് ...

''വിശക്കുന്ന ഒരു മൃഗം നിങ്ങളുടെ ഈ ശരീരത്തിൽ കിടന്നു ചുര മാന്തുക ആയിരുന്നു ..
കുറച്ചു നാൾ അത് കണ്ടില്ലെന്നു നടിച്ചു ..
പിന്നെ തുറന്നു വിട്ടു ..
അത് വേട്ട തുടങ്ങി ..
കാടന്റെ കരുത്തുള്ള കാമുകനെ ആയിരുന്നു നിങ്ങള്ക്ക് ആവശ്യം ..
എനിക്ക് ഈ അഭിനയം മടുത്തു..''

ഭാര്യയുടെ അവിഹിത ബന്ധം ഭാർത്താവ് കണ്ടു പിടിക്കുന്നു.
അയാൾ, അവളെ ഉപേക്ഷിക്കുന്നു ..
സമൂഹം അവളെ നിംഫോമാനിക് എന്ന് പുഛിക്കുന്നു..
കുടുംബത്തിന് നാണം കെട്ടവൾ ആകുന്നു ..
ഇത്തരം ഘട്ടത്തിൽ , അഭയം തേടി കാമുകന്റെ പക്കൽ ഓടി എത്തുമ്പോൾ ,
അവൾ കേൾക്കുന്ന വാക്കുകൾ ആണ് മേലെ ..

രോഹിണിയെ ഭംഗിയാക്കാൻ ശ്രീവിദ്യക്കു സാധിച്ചിട്ടുണ്ട് .ഒടുവിൽ,.
എന്തിനവർ സ്വയം ഇല്ലാതെ ആകുന്നു എന്നതിന്റെ ഉത്തരത്തിനു വേണ്ടി തപ്പേണ്ടതില്ല ..
അവൾ ആത്മഹത്യ ചെയ്യേണ്ടവൾ ആണെന്ന് കാണികളും വിധിക്കും ..
അസംതൃപ്തമായ ദാമ്പത്യ ജീവിതത്തിൽ നിന്നും മറ്റൊരുവനിലേയ്ക്ക് ഒരു സ്ത്രീ പോയാൽ ,
അവളെ അവസാനം ഇങ്ങനെ കൊണ്ടെത്തിക്കണം എന്ന നാട്ടുനടപ്പിനെ മുൻനിർത്തി സൃഷ്‌ടിച്ച സിനിമ .

ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന സിനിമ MT .വാസുദേവൻ നായരുടെ കഥയും
ഹരിഹരന്റെ സംവിധാനവും ആണ് ..

അവളുടെ സ്ഥാനം ,ഒരു പുരുഷൻ ആണെങ്കിലോ ?
കുടുംബം ഉള്ള ആണൊരുത്തൻ , ഭാര്യയെയും മക്കളെയും മറന്നു ,അവിവാഹിത ആയ ഒരു പെണ്ണിനെ ഭ്രാന്തമായി സ്നേഹിച്ചാൽ .
ആ കഥയുടെ അവസാനം എങ്ങനെ ആകണം ?

പ്രേംനസീർ എന്ന നടന്റെ മികച്ച അഭിനയം കാഴ്ച വെച്ച സിനിമ ആണ് ഭരതൻ സംവിധാനം ചെയ്ത പാർവ്വതി '''എന്ന് എനിക്ക് തോന്നാറുണ്ട് ..

ഉറുമീസ് എന്ന പണക്കാരൻ ..
അയാൾക്കു ഭാര്യയും കുഞ്ഞുങ്ങളുമുണ്ട് ..
അവിവാഹിത ആയ ഒരു പെണ്ണിനോട് അയാൾക്ക്‌ തോന്നുന്ന ഭ്രാന്തമായ ആരാധനയും പ്രണയവും മോഹവും ആസക്തിയും ഒക്കെ വളരെ ലളിതവും ജീവനുള്ളതുമായി അവതരിപ്പിച്ചിട്ടുണ്ട് ..

ദാരിദ്ര്യത്തിൽ കഴിഞ്ഞ അവളുടെ കുടുംബത്തെ അയാൾ രക്ഷിക്കുന്നുണ്ട്..
അവളെ
തികഞ്ഞ അർപ്പണമനോഭാവത്തോടെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് .

ഒരു സ്ത്രീയുടെ എല്ലാ ശാരീരിക ഭംഗിയും ഒപ്പിയെടുത്ത് കൊണ്ട് ,
അവളെ ഏറ്റവും വശ്യത നിറഞ്ഞ രൂപത്തിൽ കൊണ്ട് വന്നു കഥ പറയാൻ ഭരതനെ കവിഞ്ഞു മറ്റൊരാൾ ഇല്ലായിരുന്നു ..
ഇന്നും ഇല്ല ..

പാർവ്വതി തമ്പുരാട്ടിയിൽ ഉറുമീസ് ആകൃഷ്‌ടൻ ആകുന്നത് , ആ ഒഴുക്കിൽ കാണികളും പെട്ട് പോകുന്നു ..
ഒടുവിൽ , കുടുംബം വീണ്ടെടുക്കാൻ അവളെ ഉപേക്ഷിക്കുമ്പോഴും അവളുടെ ഒപ്പം കാഴ്ചക്കാർ മാത്രമാകുന്നു ..

ഒപ്പിടാത്ത ഒരു ചെക്കിൽ അന്ന് വരെ ഉള്ള ബന്ധത്തിന് സമാപ്തി ..
അവൾ പിന്നെ ജീവിക്കേണ്ടത് കുടുംബം രക്ഷിച്ചവൾ ആയിട്ടല്ല ..
വെറുക്കപെട്ടവൾ ആയിട്ടാണ് ..
ഒടുവിൽ അവളും ചെന്നെത്തേണ്ടത് ആത്മഹത്യ എന്ന ഒറ്റ മാർഗ്ഗത്തിൽ ആണ് ..
രണ്ടു സിനിമ ..
അവിഹിതമാണ് പ്രമേയം എങ്കിലും വ്യത്യസ്ത കഥയാണ് ..
പക്ഷെ ഉപസംഹാരം ഒന്നാണ് ..
സ്ത്രീ ആത്മഹത്യ ചെയ്യുക ...!

ഭാര്യയുടെ അവിഹിതം കണ്ടെത്തിയപ്പോൾ , ഭാര്തതാവ് കുടുംബത്തിന് വേണ്ടി കാലു പിടിക്കില്ല..
പക്ഷെ ,മറിച്ചു
ഭാര്തതാവിന്റെ വിവാഹേതര ബന്ധം ഇല്ലാതാക്കാൻ ഭാര്യ മറുവശത്ത് നിൽക്കുന്നവളുടെ നെഞ്ചത്തു അടിക്കണം കാലു പിടിക്കാകണം , കെഞ്ചണം , അപേക്ഷിക്കണം ..

KPSC ലളിതയുടെ കുഞ്ഞന്നാമ്മ അത് ഭംഗിയായി ചെയ്തിട്ടുണ്ട് .
എത്ര എളുപ്പത്തിൽ അങ്ങേരു കുടുംബത്തു കേറി ..
കണ്ടിരുന്ന ഞാൻ അരിശത്തോടെ സ്വയം ചോദിച്ചു ..

അതിലൂടെയും വരച്ചു കാട്ടുന്നത് സ്ത്രീയുടെ .ധാർമ്മികം ആയ നിലപാടുകൾ എന്താകണം എന്നല്ലേ ?
മറ്റൊരുത്തന്റെ ഒപ്പം കഴിഞ്ഞ ഭാര്യയെ ഭാര്തതാവ് പിന്നെ തൊടില്ല ..
പക്ഷെ , അന്യോരുത്തിയുടെ എച്ചില് ആയ ഭാര്തതാവിനു പിന്നെയും ഭാര്യ പാദസേവ ചെയ്യണം ..
അവനു കിടക്കവിരിച്ചു തന്നിൽ നിന്നും ഇനിയും ഇറങ്ങി പോകാതെ സൂക്ഷിക്കണം

കാലം മാറി .
വല്ലവളുടെയും കാലു പിടിച്ചു വീണ്ടെടുക്കാൻ മാത്രം എന്ത് യോഗ്യതയാണ് അങ്ങേര്ക്കുള്ളത് എന്ന് ചിന്തിക്കുന്ന സ്ത്രീകൾ ജനിച്ചു കഴിഞ്ഞു .

.ക്ളീഷേ ക്ലൈമാക്സ് ഒന്ന് മാറ്റി പിടിക്കണം..
എന്ത് തന്നെയായാലും അവൾ ആത്മഹത്യ ചെയ്യുന്നില്ല ..!!
സിനിമകൾ പുനർജനിക്കട്ടെ
ഇന്നത്തെ കലാകാരന്മാർ ചങ്കുറ്റത്തോടെ അത് ആവിഷ്കരിക്കട്ടെ..
കല , കൗൺസലിംഗ് സൈക്കോളജിസ്റ്റ് .